റിയോഡീ ജനീറോ: ഒരു രാജ്യത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയുമായി പൊരുതികളിച്ചെങ്കിലും ഇന്ത്യയുടെ പിവി സിന്ധുവിന് ഒളിംപിക്‌സില്‍ സ്വര്‍ണം നേടാനായില്ല. ലോക ഒന്നാം നമ്പര്‍ താരം കരോലിനാ മാരിന് കടുത്ത വെല്ലുവിളിയുയര്‍ത്തിയതിനു ശേഷമാണ് സിന്ധു 21-19, 12-21, 15-21 എന്ന സ്‌കോറില്‍ തോല്‍വി സമ്മതിച്ചത്. ഇന്ത്യക്ക് വേണ്ടി വെള്ളി നേടുന്ന ആദ്യ വനിതാ താരമെന്ന റെക്കോര്‍ഡ് ഇതോടെ സിന്ധുവിന് സ്വന്തമായി.

ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ തന്നെ മാരിന് ലീഡ് കിട്ടി. ഒരു സമയത്ത് തുടര്‍ച്ചയായി നാലു പോയിന്റ് വരെ വഴങ്ങിയത് സിന്ധുവിന് സമ്മര്‍ദ്ദം കൂട്ടി. കൗശലം നിറഞ്ഞ പ്ലേസിങിലൂടെയും കില്ലര്‍ സ്മാഷിലൂടെയും സ്പാനിഷ് താരം സിന്ധുവിന് ശരിയ്ക്കും വെള്ളം കുടിപ്പിക്കുകയായിരുന്നു.
എന്നാല്‍ സമ്മര്‍ദ്ദത്തില്‍ നിന്നു കര കയറിയി സിന്ധു പിന്നീട് നടത്തിയത് മാസ്മരിക പ്രകടനം തന്നെയായിരുന്നു. 7-12 എന്ന സ്‌കോറില്‍ നിന്നും 21-19ലേക്ക് സിന്ധു പൊരുതികയറുകയായിരുന്നു.

രണ്ടാം ഗെയിമിലും സിന്ധുവിന്റെ തുടക്കം പതുക്കെയായിരുന്നു. ഒരു തവണ സ്‌കോര്‍ 11-2 എന്ന നിലയിലായിരുന്നു. മാരിന്‍ 21-12 എന്ന സ്‌കോറില്‍ ഗെയിം പിടിച്ചെടുത്തു. ഇതോടെ മൂന്നാമത്തെയും അവസാനത്തെയുമായ ഗെയിം നിര്‍ണായകമായി.
ലോക ഒന്നാം നമ്പര്‍ താരമായ കരോലിനാ മാരിനും സിന്ധുവും ഇതിനു മുമ്പ് ഏഴു തവണ ഏറ്റുമുട്ടിയിരുന്നു. നാലു തവണ വിജയം സ്‌പെയിന്‍ താരത്തിനൊപ്പമായിരുന്നു. ഒളിംപിക്‌സിന് അപ്പുറം സിന്ധുവിന്റെ എടുത്തുപറയാവുന്ന പ്രകടനം ലോകചാംപ്യന്‍ഷിപ്പില്‍ നേടിയ വെങ്കലം മാത്രമായിരുന്നു. എന്നാല്‍ ഒന്നിലേറെ തവണ ലോകചാംപ്യനായിട്ടുള്ള കരോലിനയുടെ ആത്മവിശ്വാസം ചെറുതായിരുന്നില്ല.
പിവി സിന്ധുവിന്റെ എക്‌സ്‌ക്ലുസീവ് ചിത്രങ്ങള്‍