ദില്ലി: ലോക ബാഡ്മിന്റണ്‍ ഫെഡറേഷന് പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങ്ങില്‍ ഇന്ത്യന്‍ വനിതാ സിംഗിള്‍സ് താരം പിവി സിന്ധു രണ്ടാം റാങ്കിലെത്തി. മാസങ്ങളോളമായി മൂന്നാം റാങ്കിലായിരുന്ന സിന്ധു ഇത് രണ്ടാം തവണയാണ് രണ്ടാം റാങ്കിലെത്തുന്നത്. നേരത്തെ 2017 ഏപ്രിലില്‍ സിന്ധു ഈ നേട്ടം കൈവരിച്ചിരുന്നെങ്കിലും ഒരാഴ്ചയ്ക്കുശേഷം വീണ്ടും മൂന്നാം റാങ്കിലെത്തുകയായിരുന്നു.
തായ്വാന് താരം തായ് സു യിങ് ആണ് ഒന്നാം റാങ്കില്‍. നേരത്തെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ജാപ്പനീസ് താരം അകാനെ യമാഗൂച്ചി മൂന്നാം സ്ഥാനത്തെത്തി. സ്പെയിനിന്റെ കരോളിന മാരിന് ആണ് നാലാമത്. സൈന നേവാള്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഒന്‍പതാം റാങ്കിലെത്തിയിട്ടുണ്ട്. ഡെന്മാര്ക്ക് ഓപ്പണില്‍ ഫൈനലിലെത്തിയതാണ് സൈനയുടെ റാങ്കിങ്ങില്‍ മാറ്റമുണ്ടാക്കിയത്.
ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍; സിന്ധുവും സൈനയും ശ്രീകാന്തും ക്വാര്‍ട്ടര്‍ ഫൈനലില്‍
പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ കെ ശ്രീകാന്ത് ആറാം സ്ഥാനം നിലനിര്‍ത്തി. ജപ്പാന്റെ കെന്റോ മൊമോട്ടയാണ് ഒന്നാം റാങ്കില്‍. ഇന്ത്യന്‍താരം സമീര്‍ വര്‍മ അഞ്ചുസ്ഥാനം മെച്ചപ്പെടുത്തി പതിനെട്ടിലെത്തി. എച്ച് എസ് പ്രണോയ് രണ്ടുസ്ഥാനം താഴേക്ക് പോയി പതിനേഴാമതാണ്. സായ് പ്രണീത് ഇരുപത്തിയാറാമതും, സൗരഭ് വര്‍മ നാല്പ്പത്തിയെട്ടാമതുമാണ്.
പുരുഷ ഡബിള്‍സില്‍ സാത്വിക് സായ് രാജ് രങ്കറെഡ്ഡിയും ചിരാഗ് ഷെട്ടിയും അടങ്ങുന്ന സഖ്യം ഇരുപത്തിയഞ്ചാം റാങ്കിലേക്ക് വീണു. വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ എന്‍ സിക്കി റെഡ്ഡി ടീം ഇരുപത്തിനാലാമതും മിക്സഡ് ഡബിള്‍സില്‍ പ്രണവ് ജെറി ചോപ്ര, സിക്കി സഖ്യം ഇരുപത്തിയൊന്നാമതുമാണ്.