മക്കാവു: പിവി സിന്ധുവിന് മക്കാവു ഓപ്പണ്‍ ഗ്രാന്‍പ്രി ഗോള്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് കിരീടം. വനിതാ വിഭാഗം സിംഗിള്‍സ് ഫൈനലില്‍ ജപ്പാന്റെ മിനാത്സു മിതാനിയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് കീഴടക്കിയാണ് സിന്ധു കിരീടം ചൂടിയത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് സിന്ധു ഈ ടൂര്‍ണമെന്റില്‍ കിരീടം ചൂടുന്നത്. സ്‌കോര്‍: 21-9, 21-23, 21-14.
ഒന്നിലേറെ തവണ മക്കാവുവില്‍ കിരീടം ചൂടുന്ന ഏകതാരവും പിവി സിന്ധുവാണ്. ആദ്യ ഗെയിമില്‍ സിന്ധു വ്യക്തമായ മുന്‍തൂക്കം നേടിയപ്പോള്‍ രണ്ടാം ഗെയിം മിതാനി ശക്തമായി തിരിച്ചുവന്നു.

എന്നാല്‍ നിര്‍ണായകമായ മൂന്നാം ഗെയിം പിടിച്ചെടുത്ത് സിന്ധു മത്സരം സ്വന്തമാക്കുകയായിരുന്നു. മൂന്നാം ഗെയിമില്‍ ഒരിക്കല്‍ പോലും മിതാനിക്ക് അവസരം നല്‍കാന്‍ സിന്ധു തയ്യാറായിരുന്നില്ല.
ഇതിനുമുമ്പ് 2013ലും 2014ലുമാണ് സിന്ധു മക്കാവു ഓപ്പണ്‍ കീരീടം ചൂടിയത്. 2013ല്‍ കാനഡയുടെ മിഷല്ല ലിയും 2014ല്‍ ദക്ഷിണ കൊറിയയുടെ കിം ഹ്യോമിന്നുമായിരുന്നു സിന്ധുവിന്റെ എതിരാളികള്‍. ഈ വര്‍ഷവും കിരീടം ചൂടിയതോടെ സിന്ധുവിന്റെ അഞ്ചാമത്തെ അന്താരാഷ്ട്ര കിരീട നേട്ടമായി ഇത് മാറി. ഇതിനുമുമ്പ് ഇന്‍ഡൊനീഷ്യന്‍ ഇന്റര്‍നാഷണലും മലേഷ്യന്‍ മാസ്റ്റേഴ്‌സ് കീരീടവും സിന്ധു നേടിയിരുന്നു.