കോവ്‌ലൂന്‍: 2016ലെ ഫൈനലിന്റെ തനിയാവര്‍ത്തനമായിരുന്നു ഹോങ്കോങ് സൂപ്പര്‍ സീരീസിന്റെ ഇത്തവണത്തേയും ഫൈനല്‍ മത്സരം. ഒരേ വേദിയില്‍ ഏറ്റുമുട്ടിയത് ഒരേ എതിരാളികള്‍. ഫലവും പഴയത് തന്നെ. ഹോങ്കോങ് സൂപ്പര്‍ സീരീസ് ഫൈനലില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് വീണ്ടും തോല്‍വിയുടെ കയ്പ്പ്. ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ്‌പെയിയുടെ തായ് സു യിങ്ങിനോടാണ് പിവി സിന്ധു രണ്ടാമതും അടിയറവ് പറഞ്ഞത്. സ്‌കോര്‍-21-18, 21-18. ഹോങ്കോങ് സൂപ്പര്‍ സീരീസിലെ സ്വപ്‌നതുല്യമായ കുതിപ്പാണ് തോല്‍വിയോടെ സിന്ധുവിന് അവസാനിപ്പിക്കേണ്ടി വന്നത്.

ഫൈനല്‍ മത്സരം 44 മിനുറ്റ് നീണ്ടു. എന്നാല്‍ ടൂര്‍ണമെന്റിലുടനീളമുണ്ടായിരുന്ന ഫോം ഫൈനലില്‍ സിന്ധുവിന് പുറത്തെടുക്കാന്‍ സാധിച്ചില്ല. വ്യക്തമായ ആധിപത്യത്തോടെ ആദ്യ രണ്ട് ഗെയിമും കിരീടവും തായ് സു യിംങ് സ്വന്തമാക്കി. സിന്ധുവും യിങും തമ്മില്‍ നേരത്തെ പത്ത് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. മൂന്ന് തവണ മാത്രമാണ് ചൈനയുടെ ഈ ലോക ഒന്നാം നമ്പറിനെ തോല്‍പ്പിക്കാന്‍ സിന്ധുവിനായത്. ഏഴ് തവണയും വിജയം യിങിനൊപ്പമായിരുന്നു. ഈ സീസണില്‍ ഇത് സിന്ധുവിന്റെ രണ്ടാം തോല്‍വിയാണ്. നേരത്തെ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ജപ്പാന്റെ നസോമി ഒകുഹാരയോട് സിന്ധു പരാജയപ്പെട്ടിരുന്നു.