ദില്ലി: ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ നിലവിലുള്ള ചാംപ്യനും ടോപ്പ് സീഡുമായ പിവി സിന്ധുവിന് തോല്‍വി. അമേരിക്കയില്‍ നിന്നുള്ള ബെയ്വാന്‍ സാങ് 18-21, 21-11, 20-22 എന്ന സ്കോറില്‍ ഇന്ത്യന്‍ താരത്തെ പരാജയപ്പെടുത്തി വനിതാ വിഭാഗം സിംഗിള്‍സ് ചാംപ്യനായി.
അവസാന പോയിന്റ് വരെ നീണ്ട വാശിയേറിയ പോരാട്ടമാണ് ഇരുതാരങ്ങളും കാഴ്ച വെച്ചത്. ആദ്യ ഗെയിമില്‍ 18-21 എന്ന സ്കോറില്‍ തോറ്റെങ്കിലും രണ്ടാം ഗെയിമില്‍ 21-11 എന്ന സ്കോറില്‍ ശക്തമായ തിരിച്ചുവരവാണ് ഒളിംപിക്സ് മെഡല്‍ ജേതാവ് നടത്തിയത്. എന്നാല്‍ അവസാന ഗെയിമില്‍ അമേരിക്കന്‍ താരം ഇഞ്ചോടിച്ച് വരെ പിടിച്ചു നിന്നു കപ്പ് പിടിച്ചെടുത്തു.
ഓള് ഇംഗ്ലണ്ട് ചാംപ്യന്‍ഷിപ്പ് ഫൈനലിസ്റ്റും നാലാം സീഡുമായ ചൈനയുടെ ഷി യുഗിയാണ് പുരുഷവിഭാഗം സിംഗിള്‍സില്‍ ചാംപ്യനായത്. ലോക ഏഴാം നമ്പര്‍ താരവും മൂന്നാം സീഡുമായ തായ്വാന് താരം ചോ ടിന് ചെന്നിനെ 21-18, 21-14 എന്ന സ്കോറില്‍ 47 മിനിറ്റുകൊണ്ടാണ് ചൈനീസ് താരം കീഴടക്കിയത്.