ഹോങ്കോങ്: ഹോങ്കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളായ പിവി സിന്ധു, എച്ച് എസ് പ്രണോയ് തുടങ്ങിയവര്‍ ആദ്യ റൗണ്ടില്‍ ജയം കണ്ടെത്തിയപ്പോള്‍ സൈന നേവാള്‍ പുറത്തായി. ചൈനീസ് കൗമാരതാരം കായ് യാന്‍ യാന്‍ ആണ് സൈനയെ ആദ്യ റൗണ്ടില്‍ അട്ടിമറിച്ചത്. സ്കോര്‍ 21-13, 22-20. ആദ്യ സെറ്റിലെ തോല്‍വിക്കുശേഷം സൈന രണ്ടാം സെറ്റില്‍ തിരിച്ചുവരാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കഴിഞ്ഞ ആറ് ടൂര്‍ണമെന്റുകളില്‍ സൈന ആദ്യ റൗണ്ടില്‍ പുറത്താകുന്നത് ഇത് അഞ്ചാം തവണയാണ്.
വനിതാ സിംഗിള്‍സില്‍ മറ്റൊരു ഇന്ത്യന്‍ താരം പിവി സിന്ധു കൊറിയയുടെ കിം ഗാ ഇയുനിനെ തോല്‍പ്പിച്ചു. സ്കോര്‍ 21-15, 21-16. രണ്ട് ഗെയിമിലും തുടക്കത്തില്‍ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം നിന്നെങ്കിലും അവസാന പോയന്റുകളില്‍ സിന്ധു മികവുകാട്ടി. എച്ച് പ്രണോയ് ചൈനയുടെ ഹുവാങ് യു ഷിയാങ്ങിനെ നേരിട്ടുള്ള സെറ്റുകള്‍ക്കും പരാജയപ്പെടുത്തി. സ്കോര്‍ 21-17, 21-17.
വനിതാ ടി20 ലോകകപ്പ് ഫൈനല്‍ മത്സരം കൊഴുപ്പിക്കാന്‍ കാറ്റി പെറി എത്തും
പുരുഷ സിംഗിള്‍സിലെ മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന സമീര്‍ വര്‍മ ആദ്യ റൗണ്ടില്‍ പുറത്തായി. ചൈനീസ് തായ്പേയിയുടെ വാങ് സു വെയ് 11-21, 21-13, 8-21 എന്ന സ്കോറിന് ഇന്ത്യന്‍ താരത്തെ മറികടന്നു. നേരത്തെ ഇന്ത്യയുടെ കെ ശ്രീകാന്ത് രണ്ടാം റൗണ്ടിലെത്തിയിരുന്നു. ലോക ഒന്നാം നമ്പര്‍ താരം ജപ്പാന്റെ കെന്റോ മൊമോട്ട പിന്മാറിയതിനെ തുടര്‍ന്നാണ് ശ്രീകാന്ത് രണ്ടാം റൗണ്ടില്‍ കടന്നത്. സാത്വിക്സായ്രാജ് റെങ്കിറെഡ്ഡി, അശ്വിനി പൊന്നപ്പ സഖ്യവും മിക്സഡ് ഡബിള്‍സില്‍ രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. അതേസമയം, മറ്റൊരു മിക്സഡ് ഡബിള്‍സ് താരങ്ങളായ പ്രണവ് ജെറി ചോപ്ര, എന്‍ സിക്കി റെഡ്ഡി സഖ്യം തായ്ലന്ഡ് ടീമിനോട് പരാജയപ്പെട്ടു.