ദില്ലി: ഇന്ത്യയുടെ യുവതാരം പി വി സിന്ധു സ്വപ്നക്കുതിപ്പ് തുടരുന്നു. മക്കാവു ഓപ്പണ്‍ ഗ്രാന്‍ഡ് പ്രിക്സ് ഗോള്‍ഡ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയാണ് 18 കാരിയായ സിന്ധു രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയത്. ഈ വര്‍ഷം സിന്ധുവിന്റെ രണ്ടാമത്തെ അന്താരാഷ്ട്ര കിരീടമാണിത്. മെയ് നാലിന് മലേഷ്യന്‍ ഗ്രാന്‍ഡ് പ്രീ ഗോള്‍ഡിലും സിന്ധു വിജയക്കൊടി നാട്ടിയിരുന്നു.
കാനഡയുടെ ലി മിഷേലിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്പിച്ചാണ് ഹൈദരാബാദുകാരിയായ സിന്ധു കലാശക്കളിയില്‍ ജയിച്ചത്. നിലവില്‍ പതിനൊന്നാം റാങ്കുകാരിയായ സിന്ധുവിന് മുന്നില്‍ പിടിച്ചുനില്ക്കാന് മിഷേലിന് കഴിഞ്ഞില്ല. സ്കോര്‍ 21 - 15, 21 - 12. വെറും 37 മിനുട്ടില്‍ സിന്ധു മിഷേലിന്റെ കഥ കഴിച്ചു.
സൈന നേവാളിന് ശേഷം ഇന്ത്യന്‍ ബാഡ്മിന്റണ്‍ കിട്ടിയ സൂപ്പര്‍ താരമാണ് പുസര്‍ല വെങ്കട്ട സിന്ധു എന്ന പി വി സിന്ധു. സൈനയ്ക്ക് പിന്നാലെ ലോകറാങ്കിംഗില്‍ നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ താരം കൂടിയാണ് സിന്ധു. കഴിഞ്ഞ വര്‍ഷം 13 ആയിരുന്ന സിന്ധു നിലവില്‍ പതിനൊന്നാം റാങ്കിലാണ്.
സിന്ധുവിന്റെ കരിയറിലെ സ്വപ്നവര്ഷമാണ് 2013. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിംഗിള്‍സില്‍ സിന്ധു വെങ്കലമെഡല്‍ നേടിയത് ഈ വര്‍ഷമാണ്. ഇന്ത്യന്‍ സൂപ്പര്‍ സീരിസില്‍ രണ്ടാം സ്ഥാനവും ഈ വര്‍ഷം സിന്ധു നേടി. പ്രഥമ ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗില്‍ സിന്ധുവിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ അവാധെ വാരിയേഴ്സ് രണ്ടാം സ്ഥാനത്തെത്തിയിരുന്നു.