ബെംഗളുരു: പ്രീമിയര്‍ ബാഡ്മിഡന്‍ ലീഗ് നാലാം സീസണിലെ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ബെംഗളുരു റാപ്‌റ്റേഴ്‌സിന് ജയം. മുംബൈ റോക്കറ്റ്‌സിനെ 5-1 എന്ന നിലയില്‍ തകര്‍ത്ത ബെംഗളുരു സ്വന്തം കാണികള്‍ക്കു മുന്നില്‍ സെമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പാക്കി. ഇന്ത്യന്‍ താരങ്ങളായ കെ ശ്രീകാന്തിന്റേയും സായ് പ്രണീതിന്റെയും മികവിലാണ് ബെംഗളുരുവിന്റെ മുന്നേറ്റം.
ശ്രീകാന്ത് ആന്‍ഡന്‍സെന്‍ മത്സരമാണ് ഇരു ടീമുകളേയും വേറിട്ട് നിര്‍ത്തിയത്. ആന്‍ഡേഴ്‌സ് ആന്‍ഡന്‍സെനെ 15-14, 15-14 എന്ന സ്‌കോറില്‍ കടുത്ത പോരാട്ടത്തിനൊടുവിലാണ് ശ്രീകാന്ത് വീഴ്ത്തിയത്. രണ്ടുതവണയും സ്‌കോര്‍ 14-14 എന്ന നിലയിലെത്തിയെങ്കിലും അന്തിമവിജയം ശ്രീകാന്തിനൊപ്പം നിന്നു. സമീപകാലത്തെ ശ്രീകാന്തിന്റെ മികച്ച പ്രകടനങ്ങളിലൊന്നാണിത്.

ആദ്യം നടന്ന വനിതാ സംഗിള്‍സില്‍ ബെംഗളുരുവിന്റെ തി ത്രാങ്, മുംബൈയുടെ ശ്രേയാന്‍ഷിയെ 15-4, 11-15, 15-7 എന്ന സ്‌കോറില്‍ തോല്‍പ്പിച്ചു. പുരുഷ ഡബിള്‍സിലും ബെംഗളുരുവിനായിരുന്നു ജയം. മുഹമ്മദ് അഹ്‌സന്‍, ഹേന്ദ്ര സെതിയവാന്‍ സഖ്യം ജങ് കിം, ഡെയി ലീയെ 15-11, 15-11 എന്ന നിലയില്‍ കീഴ്‌പ്പെടുത്തി. 12-15, 15-5, 15-13 എന്ന സ്‌കോറില്‍ സമീര്‍ വര്‍മയെ തോല്‍പ്പിച്ചാണ് സായ് പ്രണീത് ജയം നേടിയത്. അതേസമയം, മിക്‌സഡ് ഡബിള്‍സില്‍ ജാങ്, ബെര്‍ണാഡത് സഖ്യം മുംബൈയ്ക്കായി ഏകജയം കുറിച്ചു. എല്ലിസ്, സ്മിത്ത് ജോഡിയെ 15-14, 15-13 എന്ന സ്‌കോറിനാണ് മുംബൈ തോല്‍പ്പിച്ചത്.