ഇഞ്ചിയോണ്‍: കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍താരം പി കശ്യപ് സെമി ഫൈനലിലെത്തി. ഡെന്മാര്ക്കിന്റെ ജാന്‍ ഒ ജോര്‍ഗെന്‍സെനെയാണ് കശ്യപ് ക്വാര്‍ട്ടറില്‍ വീഴ്ത്തിയത്. സ്കോര്‍ 24-22, 21-8. സമീപകാലത്തെ കശ്യപിന്റെ മികച്ച പ്രകടനങ്ങളിലൊന്നാണ് ക്വാര്‍ട്ടറില്‍ പുറത്തെടുത്തത്. ആദ്യ സെറ്റില്‍ എതിരാളി ഒപ്പത്തിനൊപ്പം നിന്നെങ്കിലും രണ്ടാം സെറ്റില്‍ കശ്യപിന്റെ തകര്‍പ്പന്‍ പ്രകടനമാണ് കണ്ടത്. 37 മിനിറ്റില്‍ കളി അവസാനിച്ചു.
ഗുസ്തി താരം ദീപക് പൂണിയ ലോക ഒന്നാം റാങ്കില്‍; ബജ്രംഗിന് വീഴ്ച
ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് കശ്യപ് ഒരു ടൂര്‍ണമെന്റിന്റെ സെമിയിലെത്തുന്നത്. ലോക ഒന്നാം റാങ്കുകാരനായ ജപ്പാന്റെ കെന്റോ മൊമോട്ടയാണ് സെമിയില്‍ ഇന്ത്യന്‍ താരത്തിന്റെ എതിരാളി. കൊറിയ ഓപ്പണില്‍ ഇന്ത്യയുടെ അവശേഷിക്കുന്ന പ്രതീക്ഷയാണ് കശ്യപ്. നേരത്തെ, മലേഷ്യയുടെ ഡാരന്‍ ല്യൂവിനെ പരാജയപ്പെടുത്തിയാണ് കശ്യപ് ക്വാര്‍ട്ടറിലെത്തിയത്. പിവി സിന്ധുവും സൈന നേവാളും ആദ്യ റൗണ്ടില്‍തന്നെ പുറത്തായിരുന്നു.
അമേരിക്കന്‍ താരം ബെയ്വന് സാങ്ങിനെതിരെയാണ് സിന്ധു നേരത്തെ തോല്‍വി സമ്മതിച്ചത്. ലോക ചാമ്പ്യനായശേഷം തുടര്‍ച്ചയായ രണ്ടാമത്തെ ടൂര്‍ണമെന്റിലും സിന്ധുവിന് അപ്രതീക്ഷിത തിരിച്ചടിയുണ്ടായി. പുരുഷ വിഭാഗത്തില്‍ പ്രതീക്ഷയായിരുന്ന സായ് പ്രണീതും ആദ്യ റൗണ്ടില്‍ പുറത്തായി. ഡെന്മാര്ക്കിന്റെ ആന്‍ഡേഴ്സ് അന്റോന്സനെതിരായ മത്സരത്തിനിടെ പരിക്കുമൂലം പ്രണീത് പിന്മാറുകയായിരുന്നു.