റിയോഡി ജനീറോ: ഒളിംപിക്‌സില്‍ പിവി സിന്ധു ഇന്ത്യന്‍ ബാഡ്മിന്റണിന്റെ ചരിത്രം മാറ്റിയെഴുതുകയായിരുന്നു. വനിതാ സിംഗിള്‍സില്‍ ലോക ആറാം നമ്പര്‍ താരമായ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സിന്ധു അവിസ്മരണീയ നേട്ടം സ്വന്തമാക്കിയത്. ഫൈനലിലേക്കുള്ള പോരാട്ടവും മനോരഹരമായിരുന്നു. സ്കോര്‍: 19-21, 10-21.

കഴിഞ്ഞ ഒളിംപിക്‌സില്‍ സൈന നെഹ് വാള്‍ നേടിയ വെങ്കലമെഡലായിരുന്നു ബാഡ്മിന്റണ്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഒളിംപിക്‌സ് പ്രകടനം. ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ബാഡ് മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍ പ്രവേശിക്കുന്നത്.
വെള്ളി മെഡലോ സ്വര്‍ണ മെഡലോ സിന്ധുവിനെ തേടിയെത്തുമെന്ന കാര്യത്തില്‍ ഇതോടെ ഉറപ്പായി. വെള്ളിയാഴ്ച വൈകുന്നേരമാണ് ഫൈനല്‍ മത്സരം. സ്‌പെയിന്‍ കരോളിന മാരിനാണ് കലാശപ്പോരാട്ടത്തില്‍ എതിരാളി.