ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യക്കു രണ്ടാമത്തെ മെഡല്‍. ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ സൂപ്പര്‍ താരം പിവി സിന്ധുവാണ് രാജ്യത്തിനു വെങ്കല മെഡല്‍ സമ്മാനിച്ചത്. ഇന്നു നടന്ന വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ചൈനയുടെ ഹി ബിങ്ജിയാവോയെ നേരിട്ടുള്ള ഗെയിമുകള്‍ക്കു സിന്ധു കെട്ടുകെട്ടിക്കുകയായിരുന്നു. സ്കോര്‍ 21-13, 21-15.
ഇതോടെ മറ്റൊരു ഇന്ത്യന്‍ വനിതാ താരത്തിനും അവകാശപ്പെടാനില്ലാത്ത അപൂര്‍വ്വ റെക്കോര്‍ഡും സിന്ധു സ്വന്തം പേരില്‍ കുറിച്ചു. തുടര്‍ച്ചയായി രണ്ടു ഗെയിംസുകളില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിതാ താരമായി മാറിയിരിക്കുകയാണ് സിന്ധു. റിയോ ഒളിംപിക്സില്‍ വെള്ളി മെഡല്‍ നേടാന്‍ അവര്‍ക്കായിരുന്നു. നേരത്തേ പുരുഷ വിഭാഗത്തില്‍ ഗുസ്തി താരം സുശീല്‍ കുമാര്‍ മാത്രമേ രണ്ടു ഒളിംപിക്സുകളില്‍ തുടര്‍ച്ചയായി മെഡലുകള്‍ സ്വന്തമാക്കിയിട്ടുള്ളൂ. 2008, 12 ഗെയിംസുകളിലായിരുന്നു ഇത്. കൂടാതെ ബാഡ്മിന്റണില്‍ എലൈറ്റ് താരങ്ങളുടെ ലിസ്റ്റിലും സിന്ധു ഇടം പിടിച്ചു. തുടര്‍ച്ചയായി രണ്ടു ഗെയിംസുകളില്‍ ബാഡ്മിന്റണില്‍ മെഡല്‍ സ്വന്തമാക്കിയ ലോകത്തിലെ രണ്ടാമത്തെ മാത്രം താരം കൂടിയാണ് ഇന്ത്യന്‍ സെന്സേഷന്.
വെങ്കലത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ സിന്ധുവിന്റെ തുടക്കം മികച്ചതായിരുന്നു. ആദ്യ ഗെയിമില്‍ തുടക്കത്തില്‍ തന്നെ മൂന്നു പോയിന്റുകള്‍ നേടിയ അവര്‍ താന്‍ ഒരുങ്ങിത്തന്നെയാണ് വന്നതെന്ന മുന്നറിയിപ്പ് എതിരാളിക്കു നല്‍കുകയും ചെയ്തു. 5-2ന് കുതിച്ച സിന്ധു ഗെയിം അനായാസം ജയിക്കുമെന്ന് കരുതിയെങ്കിലും ബിങ് ജിയാവോ ശക്തമായി തിരിച്ചുവന്നു 5-5ന് ഒപ്പമെത്തി. അടുത്ത പോയിന്റും നേടിയ അവര്‍ ഗെയിമില്‍ ആദ്യമായി 6-5ന് മുന്നില്‍ കടന്നു.
പക്ഷെ സിന്ധു പതറിയില്ല തുടരെ മൂന്നു പോയിന്റ് നേടി ഗെയിമില്‍ 8-6ന് മുന്നില്‍ കയറി. പിന്നീട് ഈ ലീഡ് ഇന്ത്യന്‍ സൂപ്പര്‍ താരം വിട്ടുനല്‍കിയില്ല. രണ്ടു പോയിന്റിന്റെ ലീഡ് നിലനിര്‍ത്തി മുന്നേറിയ സിന്ധു ബ്രേക്കിനു പിരിയുമ്പോള്‍ 11-8ന് മുന്നിലായിരുന്നു. ബ്രേക്കിനു ശേഷം ഇന്ത്യന്‍ താരം ലീഡുയര്‍ത്തിക്കൊണ്ടിരുന്നു. ആറു പോയിന്റിന്റെ ലീഡുമായി സിന്ധു 15-9ന് കുതിച്ചു. ഒടുവില്‍ ഗെയിം അവര്‍ 21-13ന് സ്വന്തമാക്കുകയും ചെയ്തു. 23 മിനിറ്റ് കൊണ്ടായിരുന്നു സിന്ധുവിന്റെ ജയം.
ആദ്യ ഗെയിമിനു സമാനമായിരുന്നു രണ്ടാം ഗെയിമും. ചൈനീസ് താരത്തിന്റെ പിഴവുകള്‍ മുതലെടുത്ത സിന്ധു തുടക്കത്തില്‍ 3-1ന് മുന്നിലെത്തി. 5-2ന് ഇന്ത്യന്‍ താരം മുന്നേറിയെങ്കിലും തുടരെ രണ്ടു പോയിന്റ് നേടി ബിങ്ജിയാവോ സ്കോര്‍ 5-4 ആക്കി. പിന്നാലെ ചൈനീസ് താരം 11-11ന് സിന്ധുവിനു ഒപ്പമെത്തുകയും ചെയ്തു. പക്ഷെ പിന്നീട് ഇന്ത്യന്‍ താരം താളം വീണ്ടെടുത്ത് വീണ്ടും കളിയില്‍ പിടിമുറുത്തി. ആദ്യ രണ്ടു പോയിന്റ് ലീഡിലേക്കും പിന്നീട് മൂന്നും നാലും പോയിന്റും ലീഡിലേക്കും സിന്ധു കുതിച്ചു. 19-15ന് മുന്നിലെത്തിയ ഇന്ത്യന്‍ താരം അടുത്ത രണ്ടു പോയിന്റ് കൂടി കൈക്കലാക്കി ഗെയിമും വെങ്കല മെഡലും കൈക്കലാക്കുകയായിരുന്നു.