ക്വാലാലംപൂര്‍: ഇന്ത്യന്‍ താരങ്ങളായ പിവി സിന്ധുവും കെ ശ്രീകാന്തും മലേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. ആദ്യ മത്സരത്തില്‍ ജാപ്പനീസ് താരം അയ ഒഹോരിയെ 22-20, 21-12 എന്ന സ്‌കോറിനാണ് സിന്ധു കീഴടക്കിയത്. ശ്രീകാന്ത് ഇന്തോനേഷ്യയുടെ മൗലാന മുസ്തഫയെ 21-18, 21-16 എന്ന സ്‌കോറിനും തോല്‍പ്പിച്ചു.
ലോക ഇരുപതാം റാങ്കുകാരിയായ ഒഹോരിക്കെതിരെ സിന്ധുവിന്റെ ആറാം വിജയമാണിത്. ഓള്‍ ഇന്ത്യ ബാഡ്മിന്‍ണില്‍ ഒന്നാം റൗണ്ടില്‍ പുറത്തായ സിന്ധുവിന് ഇന്ത്യന്‍ ഓപ്പണിലും ചാമ്പ്യനാകാന്‍ കഴിഞ്ഞിരുന്നില്ല. അടുത്തവര്‍ഷം ഒളിമ്പിക്‌സ് നടക്കാനിരിക്കെ കൂടുതല്‍ കിരീടങ്ങള്‍ നേടി ഫോമില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലാണ് സിന്ധു. ഓള്‍ ഇംഗ്ലണ്ടില്‍ സിന്ധുവിനെ ആദ്യ റൗണ്ടില്‍ പുറത്താക്കിയ കൊറിയയുടെ സങ് ജി ഹ്യൂന്‍ ആണ് താരത്തിന്റെ അടുത്ത എതിരാളി.

അതേസമയം, മറ്റൊരു ഇന്ത്യന്‍ താരമായ എച്ച് എസ് പ്രണോയ് തായ്‌ലന്‍ഡിന്റെ സിറ്റിക്കോം തമ്മാസിനോട് 12-21, 21-16, 21-14 എന്ന സ്‌കോറിന് പരാജയപ്പെട്ടു. സമീര്‍ വര്‍മയും ആദ്യ മത്സരത്തില്‍ തോറ്റ് പുറത്തായിരുന്നു. പുരുഷ ഡബിള്‍സില്‍ മനു അത്രി സുമീത് റെഡ്ഡി സഖ്യം ചൈനീസ് താരങ്ങളോട് 16-21, 6-21ന് തോറ്റു.