റിയോ: ഒളിംപിക്‌സ് കണ്ട മികച്ച ബാഡ്മിന്റണ്‍ മത്സരങ്ങളിലൊന്നില്‍ ചൈനീസ് സൂപ്പര്‍ താരവും മുന്‍ ലോക ഒന്നാം നമ്പരുമായി ലിന്‍ ഡാനിനെ തകര്‍ത്ത് മലേഷ്യയുടെ ലീ ചോങ് ഫൈനലിലെത്തി. ഓരോ പോയന്റിനുവേണ്ടിയും ശക്തരായ എതിരാളികള്‍ തമ്മിലുള്ള മത്സരം കാണികളെ മുള്‍മുനയില്‍ നിര്‍ത്തുന്നതായിരുന്നു.
മൂന്ന് സെറ്റ് നീണ്ട മത്സരത്തിലായിരുന്നു ലീ ചോങ്ങിന്റെ വിജയം. സ്‌കോര്‍ 21-15, 21-11, 22-20. അവസാന സെറ്റില്‍ ആരും ജയിച്ചേക്കാമെന്ന തോന്നലുളവാക്കിയെങ്കിലും മികച്ച പ്രകടനം പുറത്തെടുത്ത ലീ ചോങ് വിജയം പിടിച്ചെടുക്കുകയായിരുന്നു. ഒരുവസരത്തില്‍ 20-17 എന്ന നിലയില്‍ മുന്നിട്ടുനിന്ന ലീ ചോങ്ങിനെ തുടരെ മൂന്നു പോയന്റുകള്‍ നേടി ലിന്‍ ഡാന്‍ ഒപ്പം പിടിച്ചെങ്കിലും കളി കൈവിട്ടു.

തുല്യ ശക്തികള്‍ തമ്മിലുള്ള പോരാട്ടം കണ്ട സെമിയില്‍ മികച്ചുനിന്നത് ലീ ചോങ് തന്നെയായിരുന്നു. ഫൈനലില്‍ ചൈനയുടെ ലോക ചാമ്പ്യന്‍ ചെന്‍ ലോങ്ങിനെയാണ് ലീ ചോങ് നേരിടുക, ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്‌സല്‍സെനിനെ തോല്‍പ്പിച്ചാണ് ചെന്‍ ഫൈനലില്‍ ഇടം നേടിയത്. നേരത്തെ ഇന്ത്യയുടെ കെ ശ്രീകാന്തിനെ തോല്‍പ്പിച്ചാണ് ലിന്‍ ഡാന്‍ സെമിയിലെത്തിയത്.