ജക്കാര്‍ത്ത: ഇന്ത്യന്‍ താരം ലക്ഷ്യസെന്‍ ഏഷ്യന്‍ ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി. ഇന്തോനേഷ്യയുടെ കുന്‍ലവുത് വിറ്റ്ഡ്സരണിനെയാണ് ലക്ഷ്യ സെന്‍ ഫൈനലില്‍ തോല്‍പ്പിച്ചത്. സ്കോര്‍ 21-19, 21-18. രണ്ടു സെറ്റുകളിലും ഇഞ്ചോടിഞ്ച് പോരാടിയാണ് ലക്ഷ്യ ഇന്ത്യന്‍ ബാഡ്മിന്റണ്‍ ചരിത്രത്തില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തത്.
ഗൗതം താക്കര്‍ 1965ല്‍ ജൂനിയര്‍ ഏഷ്യന്‍ ചാമ്പ്യനായശേഷം ഇതാദ്യമായാണ് ഒരു പുരുഷതാരം ഈ നേട്ടം കൈവരിക്കുന്നതെന്ന പ്രത്യേകതകൂടിയുണ്ട്. പിവി സിന്ധു (2012) ല്‍ വനിതാ വിഭാഗത്തിലെ ജേതാവായിരുന്നു. സമീര്‍ വര്‍മ- വെള്ളി (2011), സമീര്‍ വര്‍മ-വെങ്കലം(2012), പി.വി. സിന്ധു- വെങ്കലം (2011), മിക്സഡ് ഡബിള്‍സില്‍ പ്രണവ് ചോപ്ര-പ്രജ്ക്ത സാവന്ത്-വെങ്കലം (2009) എന്നിവരും നേരത്തെ മെഡല്‍പ്പട്ടികയില്‍ ഇടം പിടിച്ചിരുന്നു.
നാലാം സീഡായ ലക്ഷ്യ സെന്‍ ആതിഥേയ കാണികളുടെ പിന്തുണയോടെ കളിച്ച വിറ്റ്ഡ്സരണിനെതിരെ നിലവാരമുള്ള കളിയാണ് കാഴ്ചവെച്ചത്. സ്കോര്‍ ബോര്‍ഡില്‍ ഇരുവരും മാറിമാറി മുന്നേറുകയായിരുന്നു. എന്നാല്‍, രണ്ടു സെറ്റുകളുടെയും അവസാന അവസരങ്ങള്‍ മുതലാക്കി ഭാവി ഇന്ത്യന്‍ താരമായ ലക്ഷ്യ സ്വര്‍ണത്തില്‍ മുത്തമിട്ടു. ഇന്ത്യ ബാഡ്മിന്റണിന്റെ ഭാവിയും ശോഭനമാണെന്ന് തെളിയിക്കുന്നതാണ് ലക്ഷ്യയുടെ പ്രകടനം.