സിയോള്‍: കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍നിന്നും ഇന്ത്യന്‍ താരങ്ങളായ പി കശ്യപും സൗരഭ് വര്‍മയും പുറത്തായി. മുന്‍ ലോക ആറാം നമ്പര്‍ താരമായിരുന്ന കശ്യപ് 17-21, 21-13, 8-21 എന്ന സ്‌കോറിന് ആതിഥേയതാരം ലീ ഡോങ് കെയൂനിനോടാണ് അടിയറവ് പറഞ്ഞത്. ഒരു മണിക്കൂറും 19 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തില്‍ കശ്യപ് ജയത്തിനായി ശ്രമിച്ചെങ്കിലും വിഫലമായി.
ഇന്ത്യയുടെ മറ്റൊരു താരമായ സൗരഭ് വര്‍മ 13-21, 21-12, 18-21 എന്ന സ്‌കോറിന് ഫിന്‍ലന്‍ഡിന്റെ എയ്തു ഹെയ്‌നോയോടാണ് പരാജയപ്പെട്ടത്. 50 മിനിറ്റ് നീണ്ടു നിന്ന മത്സരത്തില്‍ ഡച്ച് ഓപ്പണ്‍ ചാമ്പ്യനായ സൗരഭിന് ജയം കണ്ടെത്താനായില്ല. ഡിസംബര്‍ 12 മുതല്‍ ആരംഭിക്കുന്ന പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ സൗരഭും ശ്രീകാന്തും പങ്കെടുക്കുന്നുണ്ട്.

മുന്‍ കോമണ്‍വെല്‍ത്ത് ചാമ്പ്യനായിരുന്ന കശ്യപ് റിയോ ഒളിമ്പിക്‌സിനുശേഷം പരിക്കിനെ തുടര്‍ന്ന് കാര്യമായ പ്രകടനം നടത്താനായിട്ടില്ല. ഓസ്‌ട്രേലിയന്‍ ചാലഞ്ചില്‍ ജയിച്ച് പുതിയ സീസണില്‍ നന്നായി തുടങ്ങിയെങ്കിലും പരിക്ക് വീണ്ടും വില്ലനായി. ഇതിനുശേഷം രണ്ടുമാസത്തോളം വിശ്രമത്തിലായതോടെ നാല് ടൂര്‍ണമെന്റുകളാണ് നഷ്ടമായത്.
തായ്‌ലന്‍ഡ് ഓപ്പണിലൂടെ തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും പരിക്ക് വീണ്ടും പിടികൂടിയതോടെ വിശ്രമമെടുത്തു. പിന്നീട് മൂന്നുമാസത്തോളമാണ് കളിക്കളത്തില്‍നിന്നും വിട്ടുനിന്നത്. പതുക്കെ തിരിച്ചുവന്ന് റാങ്കിങ് മെച്ചപ്പെടുത്താനും കളിയില്‍ സജീവമാകാനുമാണ് ശ്രമമെന്ന് കശ്യപ് പറഞ്ഞു. അടുത്തിടെ നടന്ന ഹോങ്കോങ് ഓപ്പണില്‍ കളിക്കാനിറങ്ങിയെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാനായില്ല.