ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ പിവി സിന്ധു ജയിച്ചപ്പോള്‍ ഇന്ത്യയുടെ മറ്റു മുന്‍നിര കളിക്കാര്‍ പുറത്തായി. കെ ശ്രീകാന്ത്, സൗരഭ് വര്‍മ, സൈന നേവാള്‍, സായ് പ്രണീത് തുടങ്ങിയവരെല്ലാം ആദ്യ റൗണ്ടില്‍തന്നെ തോറ്റു പുറത്തായി. മലേഷ്യന്‍ മാസ്റ്റേഴ്സിന്റെ ആവര്‍ത്തനമായാണ് പുതുവര്‍ഷത്തിലെ രണ്ടാമത്തെ ടൂര്‍ണമെന്റിലും ഇന്ത്യയുടെ പ്രകടനം.
ജപ്പാന്റെ അയ ഒഹോരിക്കെതിരെയാണ് സിന്ധുവിന്റെ വിജയം. സ്കോര്‍ 14-21, 21-15, 21-11. ആദ്യ ഗെയിമില്‍ പരാജയപ്പെട്ട സിന്ധു പിന്നീടുള്ള രണ്ട് ഗെയിമിലും എതിരാളെ ബഹുദൂരം പിന്നിലാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ജാപ്പനീസ് താരം സായക തകാഹാഷിക്കെതിരെ ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്ക് സൈന പരാജയപ്പെട്ടു. സ്കോര്‍ 19-21, 21-13, 21-5. ആദ്യ ഗെയിം നേടിയ സൈന ശേഷിക്കുന്ന രണ്ട് ഗെമിലും വമ്പന്‍ മാര്‍ജിനില്‍ കീഴടങ്ങുകയായിരുന്നു.
ISL: പെനാല്‍റ്റി തുണച്ചു, ഒഡീഷയ്ക്ക് ജയം - ബ്ലാസ്റ്റേഴ്സിന് ആശങ്ക
പുരുഷവിഭാഗം പ്രതീക്ഷയായ സായ് പ്രണീത് ചൈനയുടെ ഷി യു ഖിക്കെതിരെ അടിയറവ് പറഞ്ഞു. 16-21, 21-18, 21-10. ആദ്യ രണ്ട് ഗെയിമിലും ലോക എട്ടാം നമ്പര്‍ താരത്തിനെതിരെ സായ് പ്രണീത് പൊരുതിയെങ്കിലും അവസാന ഗെയിമില്‍ മുന്നേറാനായില്ല. ആതിഥേയതാരം ഷെസാര്‍ ഹിരെന്‍ റുസ്താവിറ്റോയോട് കെ ശ്രീകാന്തും പരാജയപ്പെട്ടു. സ്കോര്‍ 18-21, 21-12, 21-14. ചൈനയുടെ ലു ഗുവാങ് സൂവിനെതിരെയാണ് സൗരഭിന്റെ തോല്‍വി. സ്കോര്‍ 17-21, 21-15, 21-10.