ബാങ്കോക്ക്: തോമസ് യൂബര്‍ കപ്പില്‍ ഇന്ത്യയുടെ പുരുഷ വനിതാ ടീമുകള്‍ക്ക് തോല്‍വിയോടെ തുടക്കം. യുവനിരയുമായി ബാങ്കോക്കില്‍ ഭാഗ്യ പരീക്ഷണത്തിനിറങ്ങിയ ഇന്ത്യയ്ക്ക് തങ്ങളെക്കാള്‍ റാങ്കിങ്ങില്‍ പിന്നിലുള്ള എതിരാളികള്‍ക്കുമേല്‍ ജയം നേടാനായില്ല. 4-1 എന്ന നിലയിലാണ് പുരുഷ വനിതാ ടീമുകള്‍ തങ്ങളുടെ എതിരാളികളോട് അടിയറവി പറഞ്ഞത്.

തോമസ് കപ്പില്‍ മലയാളി താരം എച്ച് എസ് പ്രണോയ് അല്ലാതെ മറ്റാരും കാര്യമായ പ്രകടനം നടത്തിയില്ല. ഫ്രാന്‍സിനെതിരെ പ്രണോയ് 21-7, 21-18 എന്ന നിലയില്‍ ആദ്യ സിംഗിള്‍സ് ജയിച്ച് മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍, ഇന്ത്യയുടെ സിംഗിള്‍സ് ഡബിള്‍സ് ടീമുകള്‍ തങ്ങളെക്കാള്‍ റാങ്കിങ്ങില്‍ പിന്നിലുള്ളവരോട് തോല്‍വി വഴങ്ങി. ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
യുബര്‍ കപ്പിലും ഇന്ത്യന്‍ വനിതകള്‍ പ്രകടനമികവ് കാട്ടിയില്ല. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ സൈന നേവാള്‍ ആദ്യ മത്സരത്തില്‍ 21-15, 16-21, 16-21 എന്ന സ്‌കോറിന് കനേഡിയന്‍ എതിരാളിയോട് തോറ്റു. ഡബിള്‍സില്‍ മേഘ്‌ന ജക്കാംപുഡി, പൂര്‍വിഷ എന്നിവര്‍ മാത്രമാണ് വിജയിച്ചത്. ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ അടുത്ത മത്സരത്തില്‍ ഏറ്റുമുട്ടും. പിവി സിന്ധു, കെ ശ്രീകാന്ത് തുടങ്ങിയ പ്രമുഖരില്ലാതെയാണ് ഇന്ത്യ തോമസ് യൂബര്‍ കപ്പിനെത്തിയിരിക്കുന്നത്.