അല്‍മെരെ: ഡച്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ യുവ ബാഡ്മിന്റണ്‍ സെന്സേഷന് ലക്ഷ്യ സെന്‍ കിരീടം നേടി. കരിയറിലെ ആദ്യ ബി.ഡബ്ലു.എഫ് വേള്‍ഡ് ടൂര്‍ കിരീടമാണ് ലക്ഷ്യ സ്വന്തമാക്കിയത്. ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്ക് ജപ്പാന്റെ യുസുകെ ഒനൊദെരയെയാണ് ലക്ഷ്യ സെന്‍ പരാജയപ്പെടുത്തിയത്. സ്കോര്‍: 15-21, 21-14, 21-15. മത്സരം ഒരു മണിക്കൂറും മൂന്ന് മിനിറ്റും നീണ്ടുനിന്നു.
ആദ്യ സെറ്റില്‍ തോല്‍വി പിണഞ്ഞെങ്കിലും പിന്നീടുള്ള രണ്ടു സെറ്റിലും എതിരാളിക്ക് അവസരമൊന്നും നല്‍കാതെയായിരുന്നു ലക്ഷ്യയുടെ മുന്നേറ്റം. രണ്ടാം സെറ്റില്‍ 8-5ന് ലീഡ് നേടിയ ലക്ഷ്യ പിന്നീട് ലീഡ് വിട്ടുനില്‍കിയില്ല. ഒരവസരത്തില്‍ 11-12ന് എതിരാളി അടുത്തെത്തിയെങ്കിലും പിന്നീട് തുടര്പോയന്റുകള് നേടിയ ഇന്ത്യന്‍താരം 18-11ലേക്ക് കുതിക്കുകയും അനായാസം സെറ്റ് സ്വന്തമാക്കുകയുമായിരുന്നു.
ലോക ചാംപ്യന്‍ഷിപ്പ്: കോലിപ്പടയെ ഇനി തൊടാന്‍ കിട്ടില്ല... എന്തൊരു കുതിപ്പ്, 140 പോയിന്റ് ലീഡ്
നിര്‍ണായകമായ മൂന്നാം സെറ്റില്‍ 9-4, 11-8 എന്നിങ്ങിനെ മുന്നില്‍ കടന്ന ലക്ഷ്യ പിഴവുകളില്ലാത്ത പ്രകടനത്തോടെയാണ് കിരീടത്തില്‍ മുത്തമിട്ടത്. ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യനും യൂത്ത് ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാവുമാണ് ലക്ഷ്യ. കഴിഞ്ഞമാസം ബെല്‍ജിയം ഓപ്പണില്‍ കിരീടം നേടിയിരുന്നു. സെന്‍ പോളിഷ് ഓപ്പണില്‍ റണ്ണറപ്പുമായിരുന്നു. ലോക ബാഡ്മിന്റന്‍ റാങ്കിങ്ങില്‍ നിലവില്‍ 72-ാം സ്ഥാനത്താണ് ലക്ഷ്യ സെന്‍.