ഒഡെന്‍സെ: ഡെന്മാര്ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഇന്ത്യന്‍ താരങ്ങളെല്ലാം പുറത്തായി. ലോക ചാമ്പ്യന്‍ പിവി സിന്ധു രണ്ടാം റൗണ്ടില്‍ കൊറിയയുടെ ആന്‍ സി യങ്ങിനോടാണ് പരാജയപ്പെട്ടത്. സ്കോര്‍ 14-21, 17-21. ലോക ചാമ്പ്യനായശേഷം തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനം നടത്തുന്ന ഇന്ത്യന്‍താരം കൊറിയയുടെ പതിനേഴുകാരിക്കെതിരെ കളിയുടെ ഒരവസരത്തിലും വിജതൃഷ്ണ പ്രകടിപ്പിച്ചില്ല.
ആദ്യ സെറ്റില്‍ ഒട്ടേറെ പിഴവുകള്‍ വരുത്തിയ സിന്ധു രണ്ടാം സെറ്റിലും തെറ്റ് ആവര്‍ത്തിച്ചു. എതിരാളിക്ക് തുടര്‍ച്ചയായ പോയന്റു നല്‍കുന്നത് പതിവാക്കുകയാണ് ഇന്ത്യന്‍ താരം. ലോക ചാമ്പ്യനായശേഷം നടക്കുന്ന മൂന്നാമത്തെ ടൂര്‍ണമെന്റിലും ക്വാര്‍ട്ടറില്‍ പോലും എത്താനാകാതെ സിന്ധു മടങ്ങി. ചൈന ഓപ്പണില്‍ ആദ്യ റൗണ്ടില്‍ പുറത്തായ താരം കൊറിയ ഓപ്പണില്‍ രണ്ടാം റൗണ്ടിലും പുറത്തായിരുന്നു.
ചരിത്ര നീക്കവുമായി ആര്‍സിബി; കൈയടിച്ച് ക്രിക്കറ്റ് ലോകം
മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന സായ് പ്രണീതും രണ്ടാം റൗണ്ടില്‍ മടങ്ങി. ലോക ഒന്നാം നമ്പര്‍ താരം ജപ്പാന്റെ കെന്റോ മൊമോട്ടോയോട് 6-21, 14-21 എന്ന സ്കോറിനായിരുന്നു പ്രണീതിന്റെ തോല്‍വി. ചൈനയുടെ ഒളിമ്പിക് ചാമ്പ്യന്‍ ചെന്‍ ലോങ്ങിനോട് തോറ്റ് സമീര്‍ വര്‍മയും പുറത്തായി. സ്കോര്‍ 12-21, 10-21. ഇന്ത്യന്‍ ഡബിള്‍സ് താരങ്ങളായ സാത്വിക് സായ് രാജ് റെങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി സഖ്യവും രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ടു. 16-21, 15-21 എന്ന സ്കോറിന് ചൈനീസ് ജോഡിയോടാണ് ഇന്ത്യ അടിയറവ് പറഞ്ഞത്.