ഗോള്‍ഡ് കോസ്റ്റ്: ഏപ്രില്‍ നാലുമുതല്‍ ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ബാഡ്മിന്റണ്‍താരം പിവി സിന്ധു പങ്കെടുക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. പരിശീലനത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് സിന്ധു ഗെയിംസില്‍ പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
കാല്‍ക്കുഴയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് സിന്ധുവിനെ സ്‌കാനിങ്ങിന് വിധേയയാക്കിയിരുന്നു. എന്നാല്‍, പരിക്ക് സാരമുള്ളതല്ലെന്ന് ബോധ്യമായതോടെ താരം വീണ്ടും പരിശീലനം ആരംഭിച്ചിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസ് മത്സരം ആരംഭിക്കുമ്പോഴേക്കും ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സിന്ധു പ്രതികരിച്ചു.

നാലുവര്‍ഷം മുന്‍പ് സിന്ധു സ്വര്‍ണ മെഡല്‍ പ്രതീക്ഷയുമായി ഇറങ്ങിയിരുന്നെങ്കിലും സെമിയില്‍ പുറത്തായതിനെ തുടര്‍ന്ന് വെങ്കലമെഡല്‍ മാത്രമാണ് കിട്ടിയത്. എന്നാല്‍, ലോകത്തെ മികച്ച താരങ്ങളിലൊരാളായി മാറിക്കഴിഞ്ഞ സിന്ധുവിന് ഇക്കുറി സ്വര്‍ണം നഷ്ടപ്പെടില്ലെന്നാണ് ഇന്ത്യന്‍ പ്രതീക്ഷ. തന്നില്‍ രാജ്യം ഏറെ പ്രതീക്ഷിക്കുന്നുണ്ടെന്ന് അറിയാമെന്ന് ഇന്ത്യന്‍താരം പറഞ്ഞു. മികച്ച കളി കാഴ്ചവെക്കുകയാണ് ലക്ഷ്യമെന്നും സിന്ധു വ്യക്തമാക്കി. കോമണ്‍വെല്‍ത്തില്‍ പങ്കെടുക്കാനുള്ള ഇന്ത്യയുടെ ആദ്യസംഘം ഓസ്‌ട്രേലിയയിലെത്തിക്കഴിഞ്ഞു. പി വി സിന്ധുവാണ് ഉദ്ഘാടന മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യയുടെ പതാകയേന്തുക.