ചൈന: ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേതാവായ പിവി സിന്ധുവിന് ചൈന ഓപ്പണ്‍ സൂപ്പര്‍ സീരിസ് കിരീടം. ഫൈനലില്‍ എട്ടാം സീഡ് ചൈനയുടെ സണ്‍ യുവിനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-11, 17-21, 21-11. ഓരോ സെക്കന്‍ഡിലും ആവേശം നിറഞ്ഞ പോരാട്ടമായിരുന്നു സിന്ധുവും സണ്‍ യുവുവും കാഴ്ച വെച്ചത്.
സെമി ഫൈനലില്‍ ദക്ഷിണ കൊറിയയുടെ സങ് ജി യുനിനെയാണ് സിന്ധു തോല്‍പിച്ചതിലൂടെയാണ് ഫൈനലിലേക്ക് വഴി തുറന്നത്. റിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ നേട്ടത്തിന് ശേഷം സിന്ധു പങ്കെടുക്കുന്ന മൂന്നാമത്തെ മത്സരമാണ് ഞായറാഴ്ച നടന്നത്. ഇതിന് മുന്‍പ് ഡെന്മാര്‍ക്ക് ഓപ്പണിലും ഫ്രഞ്ച് ഓപ്പണിലും കളിച്ച സിന്ധു ക്വാര്‍ട്ടര്‍ കാണാതെ പുറത്തായിരുന്നു.
ഒളിംപിക്‌സില്‍ വെള്ളിയും 2 തവണ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും നേടിയിട്ടുള്ള സിന്ധുവിന്റെ ഏഴാമത്തെ അന്താരാഷ്ട്ര വ്യക്തിഗത കിരീടമാണിത്. ഈ വര്‍ഷത്തെ സിന്ധുവിന്റെ രണ്ടാമത്തെ അന്താരാഷ്ട്ര മത്സരം കൂടിയായിരുന്നു.
