ഫുഷൗ: ഫുഷൗ ചൈന ഓപ്പണ്‍ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് നിരാശ. മുന്‍നിര താരങ്ങളായ കെ ശ്രീകാന്തും പിവി സിന്ധുവും ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു പുറത്തായി. ചൈനയുടെ ഹി ബിങ്ജിയാവോയാണ് സിന്ധുവിന്റെ പോരാട്ടം അവസാനിപ്പിച്ചത്. സ്‌കോര്‍ 17-21, 21-17, 15-21. ബിങ്ജിയാവോയ്‌ക്കെതിരെ സിന്ധുവിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. ഏഷ്യന്‍ ഗെയിംസ് വെള്ളിമെഡലിനുശേഷം സിന്ധുവിന് കാര്യമായ പ്രകടനം നടത്താനായിട്ടില്ല.

ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന കെ ശ്രീകാന്തിനും ക്വാര്‍ട്ടര്‍ കടക്കാനായില്ല. തായ്‌വാന്റെ ചോയു ടിയെന്‍ ചെന്നിനോട് നിരാശാജനകമായ പ്രകടനമായിരുന്നു ശ്രീകാന്തിന്റേത്. കേവലം 35 മിനിറ്റ് മാത്രം നീണ്ടുനിന്ന മത്സരത്തില്‍ 14-21, 14-21 എന്ന സ്‌കോറിനായിരുന്നു ശ്രീകാന്ത് തോറ്റത്. മത്സരത്തിന്റെ ഒരവസരത്തിലും ശ്രീകാന്ത് ഉണര്‍ന്നുകളിച്ചില്ല. 2017ലെ സ്വപ്‌നതുല്യമായ കുതിപ്പിന് ശേഷം 2018ല്‍ ശ്രീകാന്തിന്റേത് മോശം പ്രകടനമായിരുന്നു.
പുരുഷ ഡബിള്‍സിലും ഇന്ത്യന്‍ ടീം പുറത്തായി. സാത്വിക്‌സായ്‌രാജ് റങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ചേര്‍ന്ന ടീം ലോക ഒന്നാം നമ്പര്‍താരങ്ങളായ മുഹമ്മദ് അഹ്ഷാന്‍, ഹേന്ദ്ര സെറ്റിയവാന്‍ എന്നിവരോട് 21-11, 16-21, 21-12 എന്ന സ്‌കോറിനാണ് തോറ്റത്. കരുത്തരായ ഇന്തോനേഷ്യന്‍ സഖ്യത്തിനെതിരെ ഒരു സെറ്റ് നേടാന്‍ കഴിഞ്ഞത് ഇന്ത്യയുടെ യുവതാരങ്ങള്‍ക്ക് വരും മത്സരങ്ങളില്‍ ആത്മവിശ്വാസമേകും.