ബെയ്ജിങ്: ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ആദ്യ റൗണ്ടില്‍ വിസ്മയ വിജയവുമായി ഇന്ത്യന്‍ മിക്സഡ് ജോഡി. ലോക ഏഴാം റാങ്കുകാരും ടൂര്‍ണമെന്റിലെ ആറാം സീഡുമായ ഇന്തോനേഷ്യയുടെ പ്രവീണ്‍ ജോര്‍ദന്‍, മെലാതി ദേവ സഖ്യത്തെയാണ് ഇന്ത്യയുടെ സാത്വിക് സായ്രാജ് രംങ്കിറെഡ്ഡി, അശ്വിനി പൊന്നപ്പ സഖ്യം പരാജയപ്പെടുത്തിയത്. സ്കോര്‍ 22-20, 17-21, 21-17. മികച്ച കളിയാണ് ഇരു ടീമുകളും 50 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ പുറത്തെടുത്തത്.
ലോക 26-ാം റാങ്കുകാരായ ഇന്ത്യന്‍ സഖ്യം ആദ്യ സെറ്റുമുതല്‍ കളിയില്‍ പിടിമുറുക്കി. അഞ്ച് ഫൈനലുകളില്‍ കളിച്ചവരാണ് ഇന്തോനേഷ്യന്‍ ടീം. പരിചയസമ്പത്തും കളിമികവും കൈമുതലായിട്ടും ഇന്ത്യയുടെ കുതിപ്പിന് മുന്നില്‍ എതിരാളിക്ക് പിടിച്ചുനില്‍ക്കാനായില്ല. ആദ്യ സെറ്റില്‍ 4-7ന് പിറകിലായിരുന്ന ഇന്ത്യന്‍ ജോഡി 11-10ന് മുന്നില്‍ കയറിയിരുന്നു. എന്നാല്‍ 18-12 എന്ന നിലയില്‍ ഇന്തോനേഷ്യ മുന്നിലെത്തിയതോടെ ഇന്ത്യ സെറ്റ് കൈവിടുമെന്ന് തോന്നിച്ചു. ഇവിടെവെച്ച് ഗംഭീര കളി പുറത്തെടുത്ത ഇന്ത്യ 20-20ല്‍ ഒപ്പമെത്തുകയും പിന്നീട്ട് 22-20ന് സെറ്റ് സ്വന്തമാക്കുകയുമായിരുന്നു.
ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ തകര്‍പ്പന്‍ തുടക്കവുമായി ഇന്ത്യയുടെ വിനേഷ് ഫോഗട്ട്
രണ്ടാം ഗെയിമില്‍ ഒപ്പത്തിനൊപ്പം ഇരു ടീമുകളും നീങ്ങിയെങ്കിലും സെറ്റ് സ്വന്തമാക്കിയ ഇന്തോനേഷ്യ തിരിച്ചുവന്നു. നിര്‍ണായകമായ മൂന്നാം സെറ്റില്‍ തുടക്കംമുതല്‍ ഇന്ത്യ ലീഡെടുത്തിരുന്നു. 4-2ന് മുന്നില്‍ കയറിയ സ്വാതിക് അശ്വിനി സഖ്യം പിന്നീട് 11-6ലേക്ക് ലീഡ് നീട്ടി. തിരിച്ചുവരാന്‍ ഇന്തോനേഷ്യ ശ്രമിച്ചെങ്കിലും പിഴവുകളില്ലാത്ത കളി ഇന്ത്യ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.