ചാങ്ഷൗ: ചൈനയിലെ ചാങ്ഷൗവില് നടക്കുന്ന ചൈന ഓപ്പണ്‍ വേള്‍ഡ് ടൂര്‍ സൂപ്പര്‍ 1000 ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് ടീം കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളിമെഡല്‍ ജേതാക്കളെ ഞെട്ടിച്ച് പ്രീക്വാര്‍ട്ടറിലെത്തി. അശ്വിനി പൊന്നപ്പ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി സഖ്യം ഇംഗ്ലണ്ടിന്റെ മാര്‍ക്കസ് എല്ലിസ് ലോറന് സ്മിത്ത് സഖ്യത്തെ 21-13, 20-22, 21-17 എന്ന സ്കോറിനാണ് മുട്ടുകുത്തിച്ചത്.
നേരത്തെ ഇംഗ്ലീഷ് ടീമിനോട് തോറ്റ ഇന്ത്യന്‍ ടീം ഇത്തവണ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്നത്തേത് നല്ലൊരു മത്സരമായിരുന്നെന്ന് ഇരുവരും പിന്നീട് പ്രതികരിച്ചു. നിര്‍ണായക മത്സരത്തില്‍ ആത്മവിശ്വാസത്തോടെയാണ് ഇറങ്ങിയത്. തങ്ങളുടെ പദ്ധതി നന്നായി നടപ്പാക്കാന്‍ പറ്റി. അതുകൊണ്ടുതന്നെ മത്സരം എളുപ്പമായെന്നും സാത്വിക് പറഞ്ഞു. പ്രീക്വാര്‍ട്ടറില്‍ ടോപ് സീഡ് ചൈനീസ് താരങ്ങളാണ് ഇന്ത്യയുടെ എതിരാളി.
പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ കെ ശ്രീകാന്തും പ്രീക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. ഡെന്മാര്ക്കിന്റെ രാസ്മസ് ജെമിക്കിയെ 21-9, 21-19 എന്ന സ്കോറിനാണ് ശ്രീകാന്ത് തോല്‍പ്പിച്ചത്. ജപ്പാന് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ കാലിടറിയ ശ്രീകാന്ത് അടുത്ത മത്സരത്തില്‍ തായ്ലന്‍ഡിന്റെ സുപ്പന്യുവിനെ നേരിടും. ഇന്ത്യയുടെ പുരുഷ ഡബിള്‍ താരങ്ങളായ സാത്വിക്, ചിരാഗ് ഷെട്ടി ടീം മലേഷ്യന്‍ ജോഡികളോട് 19-21, 20-22 എന്ന സ്കോറിന് തോറ്റു. വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ സിക്കി റെഡ്ഡി സഖ്യം 10-21, 18-21 എന്ന സ്കോറിന് കൊറിയന്‍ ടീമിനോടും പരാജയപ്പെട്ടു.
പാക്കിസ്ഥാനെതിരായ കളിക്കിടെ പാണ്ഡ്യയ്ക്ക് ഗുരുതര പരിക്ക്; ഇന്ത്യയ്ക്ക് തിരിച്ചടിയായേക്കും