ചാങ്ഷൗ: ചൈനയിലെ ചാങ്ഷൗവില് നടക്കുന്ന ചൈന ഓപ്പണ്‍ വേള്‍ഡ് ടൂര്‍ സൂപ്പര്‍ 1000 ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പി വി സിന്ധുവും കെ ശ്രീകാന്തും ക്വാര്‍ട്ടറില്‍ കടന്നു. അതേസമയം ഡബിള്‍സ് ടീമുകള്‍ ടൂര്‍ണമെന്റില്‍നിന്നും പുറത്തായി. സിന്ധുവും, ശ്രീകാന്തും തായ്ലന്ഡ് എതിരാളികളെ കീഴടക്കിയാണ് ക്വാര്‍ട്ടറില്‍ ഇടംപിടിച്ചത്.
തായ്ലന്ഡ് താരം ബുസാസനനോട് ആദ്യ സെറ്റ് തോറ്റ സിന്ധു ശക്തമായി തിരിച്ചടിച്ച് ടൂര്‍ണമെന്റിലെ സാധ്യത സജീവമാക്കി. സ്കോര്‍ 21-23, 21-13, 21-18. ആദ്യ സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരത്തിന് നഷ്ടമായത്. തായ് താരം അവിഹിങ്സാനനെ 21-12, 15-21, 24-22 എന്ന നിലയില്‍ ശ്രീകാന്ത് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ജപ്പാന്റെ കെന്റോ മൊമോട്ടോയാണ് ക്വാര്‍ട്ടറില്‍ ശ്രീകാന്തിന്റെ എതിരാളി.
അതേസമയം, മിക്സഡ് ഡബിള്‍സില്‍ പ്രണവ് ജെറി ചോപ്ര, എന്‍ സിക്കി റെഡ്ഡി ടീം 16-21, 10-21 എന്ന നിലയില്‍ ആറാം സീഡ് ഡെന്മാര്ക്ക് താരങ്ങളോട് തോറ്റു. പുരുഷ ഡബിള്‍സില്‍ മനു അത്രി, ബി സുമീത് റെഡ്ഡി ടീം ചൈനീസ് തായ്പേയ് ടീമിനോട് 9-21, 10-21 എന്ന നിലയിലും ദയനീയമായി തോറ്റു. ചൈനയുടെ ഒന്നാം സീഡ് താരങ്ങളോട് മിക്സഡ് ഡബിള്‍സ് ടീം അശ്വിനി പൊന്നപ്പ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി സഖ്യം 14-21, 11-21 എന്ന സ്കോറിനും പരാജയപ്പെട്ടു.