മാരിന്‍ പവറില്‍ സിന്ധു ഫ്യൂസ്
ഹൈദരാബാദ്: എന്തു കൊണ്ടാണ് താന്‍ ഒളിംപിക് ചാംപ്യനായതെന്നും ലോക റാങ്കിങില്‍ രണ്ടാംസ്ഥാനത്തു തുടരുന്നതെന്നും സ്പാനിഷ് വനിതാ ബാഡ്മിന്‍റണ്‍ താരം കരോലിനാ മാരിന്‍ വീണ്ടും തെളിയിച്ചു. റിയോ ഒളിംപിക്‌സ് സിംഗിള്‍സ് ഫൈനലിന്‍റെ റീപ്ലേ കൂടിയായിരുന്ന മല്‍സരത്തില്‍ ഇന്ത്യന്‍ താരം പി വി സിന്ധുവിന് മുട്ടുമടക്കേണ്ടിവന്നു.
ഇന്ത്യയില്‍ നടക്കുന്ന പ്രീമിയര്‍ ബാഡ്മിന്‍റണ്‍ ലീഗിന്‍റെ രണ്ടാം സീസണിലെ ഉദ്ഘാടന മല്‍സരത്തിലാണ് റിയോ ഫൈനലിന്‍റെ തനിയാവര്‍ത്തനം കണ്ടത്. റിയോയിലേതുപോലെ ഇത്തവണയും തോല്‍ക്കാനായിരുന്നു സിന്ധുവിന്‍റെ വിധി. ചെന്നൈ സ്മാഷേഴ്‌സിനു വേണ്ടിയാണ് സിന്ധു റാക്കറ്റേന്തിയതെങ്കില്‍ മാരിന്‍ ഹൈദരാബാദ് ഹണ്ടേഴ്‌സിനായാണ് കളിച്ചത്. ഒളിംപിക്സിനു ശേഷം ഒരു തവണ സിന്ധുവും മാരിനും മുഖാമുഖം വന്നിരുന്നു. അന്നു ജയം സിന്ധുവിനായിരുന്നു.

തോല്‍ക്കാന്‍ മനസ്സില്ലാത്ത സിന്ധുവും മാരിനും തമ്മിലുള്ള പോരാട്ടം ആരാധകരെ നിരാശപ്പെടുത്തിയില്ല. ജയത്തിനുവേണ്ടി ഇരുവരും ഇഞ്ചോടിഞ്ച് തന്നെ പൊരുതി. ഒന്നിനെതിരേ രണ്ടു ഗെയിമുകള്‍ക്കായിരുന്നു മാരിന്‍റെ വിജയം. സ്‌കോര്‍: 11-8, 12-14, 11-2.

മല്‍സരത്തിന്‍റെ തുടക്കം മുതല്‍ മേധാവിത്വം മാരിനായിരുന്നു. ഇടയ്ക്ക് സ്‌കോര്‍ തുല്യമായിരുന്നെങ്കിലും മാരിന്‍ മികച്ച പ്രകടനത്തിലൂടെ ലീഡ് നേടി മുന്നേറുകയായിരുന്നു. മാരിന്‍റെ കരുത്തുറ്റ സ്മാഷുകളും നെറ്റിനരികില്‍ വച്ചുള്ള റിട്ടേണുകളും സിന്ധുവിന്‍റെ താളം തെറ്റിച്ചു.

ലീഗിലെ ഉദ്ഘാടനമല്‍സരം കൂടിയായതിനാല്‍ സിന്ധുവിനും തനിക്കും സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് മാരിന്‍ മല്‍സരശേഷം പറഞ്ഞു. ആദ്യ മല്‍സരത്തില്‍ ജയത്തോടെ തുടങ്ങാനായതില്‍ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി.

സിന്ധുവിന്‍റെ ആദ്യ സിംഗിള്‍സില്‍ അടിതെറ്റിയെങ്കിലും പുരുഷ സിംഗിള്‍സില്‍ ജയം നേടി ചെന്നൈ 1-1ന് ഒപ്പമെത്തി. ടോമി സ്യുഗിയാര്‍ത്തോ ഹൈദരാബാദിന്റെ ഇന്ത്യന്‍ താരമായ ബി സായ് പ്രണീതിനെ മറികടക്കുകയായിരുന്നു. അടുത്ത കളിയിലും ചെന്നൈ ജയിച്ചെങ്കിലും പിന്നീടുള്ള മല്‍സരങ്ങള്‍ സ്വന്തമാക്കി ഹൈദരാബാദ് 4-3ന് ജയിച്ചുകയറി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications