ഹൈദരാബാദ്: ഒരേ പരിശീലകന്റെ കീഴില്‍ ഒരേ അക്കാദമിയില്‍ പരിശീലിക്കുന്നുണ്ടാകാം. എന്നും തമ്മില്‍ കാണുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടാകാം. പക്ഷേ പി വി സിന്ധുവുമായി സൗഹൃദം പറ്റില്ലെന്നാണ് ബാഡ്മിന്റണ്‍ സൂപ്പര്‍ താരം സൈന നേവാള്‍ പറയുന്നത്. കാരണം ലളിതമാണ്, എതിരാളികള്‍ തമ്മില്‍ കൂട്ടുകെട്ട് പറ്റില്ല.
വനിതാ ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് മേല്‍വിലാസം ഉണ്ടാക്കിത്തന്ന താരമാണ് ഹൈദരാബാദുകാരിയായ സൈന നേവാള്‍. എന്നാല്‍ സ്വന്തം നാട്ടില്‍ നിന്നും സൈനയെ കടത്തിവെട്ടാന്‍ പോന്ന ഒരു ബാഡ്മിന്റണ്‍ താരത്തെ കൂടി ഇന്ത്യയ്ക്ക് കിട്ടി. 18 കാരിയായ പി വി സിന്ധു. ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടി പോയവര്‍ഷം സിന്ധു വരവറിയിച്ചതോടെ സൈനയുടെ സ്റ്റാര്‍ഡം അല്‍പമൊന്ന് ഇടിഞ്ഞിട്ടുണ്ട് എന്നതാണ് സത്യം.

സൈനയും സിന്ധുവും നേര്‍ക്കുനേര്‍ വരുമ്പോഴൊക്കെ അതിന് പ്രത്യേക ശ്രദ്ധയും കിട്ടുന്നുണ്ട്. ഐ ബി എല്ലിലായാലും അന്താരാഷ്ട്ര മത്സരങ്ങളിലായാലും ഇരുവര്‍ക്കും പരസ്പരം എതിരിടാന്‍ സാഹചര്യങ്ങളും ഏറെ. 2013 ല്‍ ബാഡ്മിന്റണ്‍ ലോകം കണ്ടത് സൈനയുടെ തളര്‍ച്ചയും പി വി സിന്ധുവിന്റെ വളര്‍ച്ചയുമാണ്. നിലവില്‍ ലോക റാങ്കിംഗില്‍ ഏഴാമതാണ് സൈന. സിന്ധു പത്താമതും.
ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് സൈന പറയുന്നത് ഇങ്ങനെ. എതിരാളികളുമായി സൗഹൃദത്തിലാകാന്‍ പ്രയാസമാണ്. മാത്രമല്ല അതിനുള്ള സമയവും ഞങ്ങള്‍ക്കില്ല. സ്വന്തം അച്ഛനമ്മമാരോട് സംസാരിക്കാന്‍ പോലും സമയം കിട്ടുന്നില്ല എന്നിട്ടല്ലേ കൂട്ടുകൂടാന്‍. രണ്ടുപേരും ഒരേ നാട്ടുകാരായതിനാല്‍ ഞങ്ങള്‍ പരസ്പരം കളിക്കുന്നത് കാണാന്‍ ആളുകള്‍ക്ക് ഇഷ്ടമാണ്. ഇതേ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ പറ്റിയാല്‍ 2014 ല്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ പറ്റുമെന്ന് സൈന പ്രതീക്ഷ പ്രകടിപ്പിച്ചു.