ഹൈദരാബാദ്: ബിഡബ്ലുഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ് ബാഡ്മിന്റണില്‍ നിലവിലെ ചാമ്പ്യയും ഇന്ത്യന്‍ സൂപ്പര്‍ താരവുമായി പി വി സിന്ധുവിന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വി. ലോക രണ്ടാം നമ്പര്‍ ചൈനയുടെ യു ഫീ ചിന്നാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. മൂന്ന് സെറ്റ് നീണ്ടു നിന്ന മത്സരത്തിലൊടുവിലാണ് ആറാം റാങ്കുകാരിയായ സിന്ധുവിന്റെ തോല്‍വി. ആദ്യ സെറ്റില്‍ വിജയം നേടിയ ശേഷം സിന്ധു കളി കൈവിടുകയായിരുന്നു.
22-20 എന്ന സ്കോറിന് ആദ്യ സെറ്റ് ജയിച്ച സിന്ധു രണ്ടാം സെറ്റ് 21-16 എന്ന സ്കോറിന് തോറ്റു. നിര്‍ണ്ണായകമായ മൂന്നാം സെറ്റില്‍ വലിയ വെല്ലുവിളി ഉയര്‍ത്താതെ 21-12 എന്ന സ്കോറിന് സിന്ധു കീഴടങ്ങി. ഗ്രൂപ്പ് എയിലാണ് സിന്ധു മത്സരിക്കുന്നത്. ആദ്യ മത്സരത്തില്‍ ജപ്പാന്റെ അക്കാനി യമഗുച്ചിയാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. 66 മിനുട്ട് നീണ്ട മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ തോല്‍വി.
ജപ്പാനീസ് താരത്തെ ടീമിലെത്തിക്കാനൊരുങ്ങി ലിവര്‍പൂള്‍; കൈമാറ്റം ജനുവരിയില്‍
മോശം ഫോമിലുള്ള സിന്ധുവിന് ടൂര്‍ണമെന്റില്‍ വിജയവഴിയില്‍ തിരിച്ചെത്തുക കടുപ്പമാകും. അതേ സമയം ജപ്പാന്റെ നവോമി ഒക്കുഹാര തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയിച്ചു. മൂന്നാം റാങ്കുകാരിയ ഒക്കുഹാര 16ാം റാങ്കുകാരിയായ തായ്ലന്‍ഡിന്റെ ബുസാന്‍ ഓഗ്ബര്മുരുന്ഫാനെയാണ് തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസ ജയമായിരുന്നു ഒക്കുഹാരെയുടേത്. സ്കോര്‍ 21-12,21-10. ലോക ഒന്നാം റാങ്കുകാരി തായ്്വാന്റെ സൂ യിങ് തായിയെയാണ് ആദ്യ മത്സരത്തില്‍ ഒക്കുഹാര പരാജയപ്പെടുത്തിയത്. സ്കോര്‍ 15-21,21-18,21-19.