ബാങ്കോക്ക്: ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ സ്കോര്‍ നിര്‍ണ്ണയിക്കുന്ന രീതി മാറ്റിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി. മത്സരങ്ങളുടെ വേഗത വര്‍ദ്ധിപ്പിച്ച് കൂടുതല്‍ കാണികളെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങളാണ് ബാഡ്മിന്റണ്‍ ലോക ഫെഡറേഷന് ഗവേണിംഗ് ബോഡി തള്ളിയത്. മാറ്റത്തിനെതിരെ താരങ്ങളും, അസോസിയേഷനുകളും രോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. സെറ്റുകള്‍ ചെറുതാക്കിയാല്‍ മത്സരം കാണാന്‍ കൂടുതല്‍ കാണികള്‍ എത്തുമെന്നായിരുന്നു ഈ മാറ്റങ്ങളെ പിന്തുണച്ചവരുടെ വാദം.
നിലവില്‍ 21 പോയിന്റുകളുള്ള മൂന്ന് സെറ്റുകള്‍ വിധി നിര്‍ണ്ണയിക്കുന്ന മത്സരങ്ങള്‍ 11 പോയിന്റുള്ള അഞ്ച് സെറ്റുകളായി മാറ്റാനായിരുന്നു പദ്ധതി. എന്നാല്‍ ഈ നീക്കം തള്ളിയതായി സംഘടനയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വ്യക്തമാക്കി. ബാഡ്മിന്റണ്‍ 3ഃ21 പോയിന്റ് സിസ്റ്റത്തില്‍ തുടരും. മാറ്റത്തിന് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചെങ്കിലും മൂന്നിലൊന്ന് ഭൂരിപക്ഷം വേണമെന്ന നിബന്ധന മറികടക്കാന്‍ കഴിഞ്ഞില്ല.
പോയിന്റ് രീതി മാറ്റണമെന്ന ആവശ്യത്തിന് 129 പോയിന്റ് ലഭിച്ചപ്പോള്‍ 123 പേര് എതിര്‍ത്തു. ലോകത്തെ പ്രമുഖ ഷട്ടില്‍ താരങ്ങള്‍ മാറ്റത്തിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. പുതിയ നിയമങ്ങള്‍ മത്സരത്തിന്റെ കായികമായ ഘടന മാറ്റിമറിക്കുമെന്നും, കാഴ്ചക്കാര്‍ക്ക് ആസ്വാദ്യകരമല്ലാതായി മാറുകയും ചെയ്യുമെന്ന് ലോക ഒന്നാം നമ്പര്‍ താരം വിക്ടര്‍ ആക്സേല്സണ് വിമര്‍ശിച്ചിരുന്നു.
ഒരു സെറ്റില്‍ 11 പോയിന്റുകള്‍ നേടുന്നത് മത്സരത്തെ വിരസതയിലേക്ക് തള്ളിവിടുമെന്നാണ് പ്രധാന ആരോപണം. പ്രത്യേകിച്ച് താരങ്ങള്‍ തമ്മില്‍ വലിയ അന്തരമുണ്ടെങ്കില്‍ മത്സരം ഏകപക്ഷീയമാകുമെന്നും ആരോപണം ഉയര്‍ന്നു. എന്തായാലും വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ഗവേണിംഗ് ബോഡിയിലും നീക്കം വിജയിച്ചില്ലെന്ന് ആശ്വസമായി.