ലണ്ടന്‍: ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പിവി സിന്ധു ആദ്യ റൗണ്ടില്‍ തോല്‍വിയോടെ പുറത്ത്. കിരീടപ്രതീക്ഷയുമായെത്തിയ സിന്ധു സൗത്ത് കൊറിയയുടെ സങ് ജി ഹ്യൂനിനോട് 16-21, 22-20, 17-21 എന്ന സ്കോറിനാണ് തോറ്റത്. ഇത് രണ്ടാം തവണയാണ് തുടരെ സിന്ധു സങ് ജിയോട് തോല്‍ക്കുന്നത്. കരോലിന മാരിന് ഉള്‍പ്പെടെയുള്ള താരങ്ങളില്ലാത്തതിനാല്‍ സിന്ധുവിന് കിരീട സാധ്യത കല്പ്പിക്കപ്പെട്ടിരുന്നു.
ടി20യില്‍ വിന്‍ഡീസിന്റെ റണ്‍ മെഷീന് ഇനി ഗെയ്ല്, യൂനിവേഴ്സല്‍ ബോസ് മറികടന്നത് ഈ താരത്തെ...
സങ് ജിക്കെതിരായ മത്സരത്തില്‍ സിന്ധു ഒരവസരത്തിലും ആധിപത്യം സ്ഥാപിച്ചില്ല. ആദ്യ സെറ്റില്‍ തോല്‍വി പിണഞ്ഞ സിന്ധു രണ്ടാം സെറ്റില്‍ കഷ്ടിച്ച് കടന്നുകൂടുകയായിരുന്നു. നിര്‍ണായകമായ മൂന്നാം സെറ്റില്‍ സങ് ജി ഒരിക്കല്‍ക്കൂടി സിന്ധുവിനെതിരെ മേല്‍ക്കൈ നേടിയതോടെ താരം തോല്‍വി ചോദിച്ചുവാങ്ങി. 2001ല്‍ പുല്ലേല ഗോപീചന്ദ് ചാമ്പ്യനായശേഷം മറ്റൊരു ഇന്ത്യന്‍ താരത്തിനും ഓള് ഇംഗ്ലണ്ട് ജേതാവാകാന് കഴിഞ്ഞിട്ടില്ല.
പുരുഷ സിംഗിള്‍സില്‍ സായ് പ്രണീത് രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. ഇന്ത്യയുടെ തന്നെ എച്ച് എസ് പ്രണോയിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് സായ് പ്രണീതിന്റെ വിജയം. സ്കോര്‍ 21-19, 21-19. രണ്ട് സെറ്റിലും ഇന്ത്യന്‍ താരങ്ങള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചത്. എന്നാല്‍, അവസാന പോയന്റുകളില്‍ സായ് പ്രണീത് കാട്ടിയ മികവാണ് ജയം സമ്മാനിച്ചത്. ഹോങ്കോങ്ങിന്റെ ലോങ് ആഗ്നസ് ആണ് സായ് പ്രണീതിന്റെ അടുത്ത എതിരാളി.