ബ്യൂണസ് ഐറിസ്: അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നടക്കുന്ന മൂന്നാമത് യൂത്ത് ഒളിമ്പിക്സില്‍ ഇന്ത്യ അത്ലറ്റിക്സില് ആദ്യ മെഡല്‍ സ്വന്തമാക്കി. ഇന്ത്യയുടെ സൂരജ് പന്‍വാര്‍ 5,000 മീറ്റര്‍ നടത്തത്തിലാണ് വെള്ളിനേട്ടത്തിലെത്തിയത്. ഇക്വഡോറിന്റെ ഒസ്കാര്‍ പാറ്റിന് ഈ ഇനത്തില്‍ സ്വര്‍ണവും പ്യൂര്‍ട്ടോറിക്കയുടെ ജാന്‍ മൊറെയു വെങ്കലവും സ്വന്തമാക്കി.
മത്സരത്തിന്റെ ആദ്യ സ്റ്റേജില്‍ 20.35.87 എന്ന സമയത്തില്‍ ഇന്ത്യന്‍ താരം രണ്ടാമതായിരുന്നു. രണ്ടാം സ്റ്റേജില്‍ 20.23.30 എന്ന നിലയില്‍ ഒന്നാം സ്ഥാനത്തെത്തി. എന്നാല്‍, ആകെ സമയത്തില്‍ രണ്ടാമതായതോടെയാണ് സൂജരന് വെള്ളി ലഭിച്ചത്. രണ്ടാം സ്റ്റേജില്‍ ഒന്നാമതെത്തിയ ചൈനയുടെ സിങ് വാങ്ങിനെ അയോഗ്യനാക്കിയതും ഇന്ത്യന്‍ താരത്തിന് നേട്ടമായി.
മെഡല്‍ നേടാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് താരം പിന്നീട് പ്രതികരിച്ചു. ഒളിമ്പിക്സ് ആണ് അടുത്ത ലക്ഷ്യം. ഏഷ്യന്‍ ഗെയിംസിലും, കോമണ്‍വെല്‍ത്ത് ഗെയിംസിലുമെല്ലാം മെഡല്‍ നേടാന്‍ കഠിനപ്രയത്നം നടത്തുമെന്നും സൂരജ് പറഞ്ഞു. സൂരജിന്റെ മെഡല്‍ നേട്ടത്തോടെ ഇന്ത്യയുടെ ആകെ മെഡല്‍ 11 ആയി. നേരത്തെ 3 സ്വര്‍ണവും ഏഴു വെള്ളിയും ഇന്ത്യ സ്വന്തമാക്കിയിരുന്നു.
നാഷന്‍സ് ലീഗ്: സൂപ്പര്‍ സ്റ്റെര്‍ലിങ്, സ്പെയിനിനെ വീഴ്ത്തി ഇംഗ്ലണ്ട്... ക്രൊയേഷ്യക്കും ജയം