വഡോദര: ദേശീയ യൂത്ത് അത്ലറ്റിക്സിന്റെ രണ്ടാംദിനം കേരള താരങ്ങള്‍ തിളങ്ങി. ആദ്യദിനം ഒരു സ്വര്‍ണം നേടിയ കേരളം രണ്ടാംദിനം മൂന്നു സ്വര്‍ണങ്ങളാണ് സ്വന്തമാക്കിയത്. പെണ്‍കുട്ടികളുടെ ലോങ് ജമ്പില്‍ സാന്ദ്ര ബാബു, പെണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ അപര്‍ണ റോയ്, ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ അഭിഷേക് മാത്യു എന്നിവരാണ് സ്വര്‍ണംനേടി കേരളത്തിന്റെ അഭിമാനമായത്.
കൂടാതെ, പെണ്‍കുട്ടികളുടെ ഹാമര്‍ ത്രോയില്‍ കെസിയ മറിയം ബെന്നിയും പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ എ എസ് സാന്ദ്രയും വെള്ളി നേടി. ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആര് കെ സൂര്യജിത് വെങ്കലം സ്വന്തമാക്കി. രണ്ടാം ദിനം ആകെ ആറു മെഡലുകളാണ് കേരളം നേടിയത്. ഇതോടെ, 70 പോയന്റുമായി കേരളം മൂന്നാം സ്ഥാനത്തേക്ക് കയറി.
110 പോയിന്റുമായി ഹരിയാനയാണ് മുന്നില്‍. 92 പോയിന്റുള്ള ഉത്തര്‍ പ്രദേശാണ് രണ്ടാമത്. അതേസമയം, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 51 പോയിന്റുമായി കേരളം ഒന്നാമതുണ്ട്്. മീറ്റ് തിങ്കളാഴ്ച സമാപിക്കും. ഡെക്കാത്തലണില്‍ 6707 പോയിന്റോടെയ മോഹിത് ദേശീയ റെക്കോഡ് തിരുത്തിയതാണ് രണ്ടാം ദിനത്തില്‍ ശ്രദ്ധേയമായ പ്രകടനം. രണ്ടാമതെത്തിയ ആന്ധ്രപ്രദേശിന്റെ സൗരഭ് രതിയും നിലവിലെ പോയിന്റ് മറികടന്നു.
ഉത്തര്‍ പ്രദേശിന്റെ രാഹുല്‍ ശര്‍മയും കര്‍ണാടകത്തിന്റെ ജോസ്ന സിമോവ് മംഗളവാദ്കുമാണ് മീറ്റിലെ വേഗതയേറിയ താരങ്ങള്‍. ആണ്‍കുട്ടികളില്‍ രാഹുല്‍ 10.80 സെക്കന്‍ഡില്‍ 100 മീറ്റര്‍ ഓടിയെത്തിയപ്പോള്‍ പെണ്‍കുട്ടികളില്‍ 12.23 സെക്കന്‍ഡിലാണ് ജോസ്ന ഫിനിഷ് ചെയ്തത്. കേരളത്തിന്റെ അപര്‍ണ റോയ് 12.62 സെക്കന്‍ഡില്‍ അഞ്ചാമതായി.