ദോഹ: ദോഹയില്‍ ആരംഭിച്ച ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിരാശപ്പെടുത്തി ഇന്ത്യയുടെ മലയാളി താരം ശ്രീശങ്കര്‍ മുരളി. ലോങ് ജംപില്‍ മത്സരിക്കാനിറങ്ങിയ ശ്രീശങ്കറിന് യോഗ്യതാ റൗണ്ടില്‍ 22-ാം സ്ഥാനത്തേ എത്താന്‍ കഴിഞ്ഞുള്ളൂ. ലോകത്തിലെ മികച്ച താരങ്ങള്‍ മാറ്റുരയ്ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 7.62 മീറ്റര്‍ ആണ് ശ്രീശങ്കറിന്റെ ദൂരം. സീസണില്‍ 8 മീറ്റര്‍ ദൂരം കണ്ടെത്തിയ താരത്തിന് പ്രകടനം ആവര്‍ത്തിക്കാനായില്ല.
ദേശീയ റെക്കോര്‍ഡ് ജേതാവായ ശ്രീശങ്കര്‍ ആദ്യ ചാട്ടത്തില്‍ 7.52 മീറ്റര്‍ ആണ് കണ്ടെത്തിയത്. രണ്ടാം അവസരത്തില്‍ 7.62 മീറ്റര്‍ ദൂരവും ചാടിയ ഇന്ത്യന്‍ താരത്തിന്റെ മൂന്നാം അവസരം ഫൗളില്‍ കലാശിച്ചു. 8.15 മീറ്ററാണ് ഫൈനല്‍ പ്രവേശനത്തിനുള്ള ദൂരം. എന്നാല്‍, ഒരു അത്‌ലറ്റ് മാത്രമാണ് ഈ ദൂരം താണ്ടിയത്. ഇതോടെ 7.89 മീറ്ററാക്കി ഫൈനല്‍ യോഗ്യത മാറ്റിയിരുന്നു. 8.20 മീറ്റര്‍ ദൂരമെന്ന ദേശീയ റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയരാന്‍ ശ്രീശങ്കറിന് കഴിയുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഒരിക്കല്‍ക്കൂടി വലിയ മീറ്റുകളില്‍ താരം നിരാശപ്പെടുത്തി.

സീസണിലെ ശ്രീശങ്കറിന്റെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നാണിത്. ദേശീയ ഇന്റര്‍ സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ 7.53 മീറ്റര്‍ ദൂര ചാടിയതാണ് മറ്റൊരു മോശം പ്രകടനം. 7.80 മീറ്ററിനപ്പുറത്തേക്ക് സ്ഥിരതയോടെ ചാടിക്കൊണ്ടിരുന്ന താരത്തിന് ആ ദൂരം പോലും കണ്ടെത്താനായില്ല. അടുത്തിടെ കോപ്പന്‍ഹേഗില്‍ നടന്ന അത്‌ലറ്റിക് മീറ്റില്‍ 7.93 മീറ്റര്‍ ദൂരം ചാടിയ ശ്രീശങ്കര്‍ സ്വര്‍ണം നേടിയിരുന്നു.