ന്യൂഡല്‍ഹി: കോവിഡിന്റെ പ്രതിസന്ധികളെത്തുടര്‍ന്ന് നീണ്ടുപോയ ടോക്കിയോ ഒളിംപിക്‌സ് ഒടുവില്‍ നടത്താന്‍ തീരുമാനമായിരിക്കുകയാണ്. ജൂലൈ 23 മുതല്‍ ആഗസ്റ്റ് 8വരെയാണ് ഒളിംപിക്‌സ് നടക്കുന്നത്. 205 രാജ്യങ്ങളില്‍ നിന്നായി 11,091 അത്‌ലറ്റ്‌സുകള്‍ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നും പ്രതീക്ഷ നല്‍കുന്ന നിരവധി താരങ്ങള്‍ ഒളിംപിക്‌സ് യോഗ്യത നേടിയിട്ടുണ്ട്. 18 ഇനങ്ങളിലായി 111 ഇന്ത്യന്‍ താരങ്ങളാണ് ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത്. ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ നല്‍കുന്ന പ്രധാന താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
ആര്‍ച്ചറിയില്‍ വനിതകളുടെ ദീപിക കുമാരി, പുരുഷ താരം പ്രവീണ്‍ ജാദവ്, അദാനു ദാസ്, തരുണ്‍ദീപ് റായ് എന്നിവരാണ് യോഗ്യത നേടിയ പ്രധാന താരങ്ങള്‍. ഇവര്‍ക്ക് ചരിത്രം സൃഷ്ടിക്കാന്‍ സാധിക്കുമോയെന്നത് കാത്തിരുന്ന് കാണണം. അത്‌ലറ്റിക്‌സ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന ഒരു വിഭാഗമായിരുന്നില്ല. എന്നാല്‍ ഇത്തവണ ജാവലിങ് ത്രോയില്‍ നീരജ് ചോപ്രയും ശിവപാല്‍ സിങ്ങും ഇറങ്ങുന്നത് ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ ഉയര്‍ത്തുന്നു.

20 കിലോമീറ്റര്‍ നടത്തത്തില്‍ ഇന്ത്യയുടെ കെടി ഇര്‍ഫാന്‍ മെഡല്‍ സാധ്യതയുള്ള താരമാണ്. സന്ദീപ് കുമാര്‍, രാഹുല്‍ രോഹില എന്നിവരും ഇതേ ഇനത്തില്‍ ഇറങ്ങുന്നുണ്ട്. പുരുഷ ഷോട്ട്പുട്ടില്‍ തജീന്ദ്രപാല്‍ സിങ്,വനിതാ ഡിസ്‌കസ് ത്രോയില്‍ കമല്‍പ്രീത് കൗറും യോഗ്യത നേടിയെടുത്തിട്ടുണ്ട്. 4x 400 മീറ്റര്‍ പുരുഷ ടീമും മിക്‌സഡ് റിലേ ടീമും യോഗ്യത നേടിയിട്ടുണ്ട്.
ബാഡ്മിന്റണില്‍ ലോക ചാമ്പ്യന്‍ പി വി സിന്ധു ഇത്തവണ സ്വര്‍ണ്ണം ലക്ഷ്യമിടുന്നു. 2016ലെ ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ സിന്ധു നേടിയിരുന്നു. അത് ഇത്തവണ സ്വര്‍ണ്ണ മെഡലാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സിന്ധു. പുരുഷ സിംഗിള്‍സില്‍ സായ് പ്രണീതാണ് യോഗ്യത നേടിയിരിക്കുന്നത്. ബോക്‌സിങ്ങില്‍ ഇന്ത്യയുടെ ഉറച്ച വിശ്വാസമായ മേരി കോം ഇത്തവണയും ഇറങ്ങുന്നു. 52 കിലോഗ്രാം വിഭാഗത്തിലാണ് മേരി ഇറങ്ങുന്നത്. 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ മേരി നേടിയിരുന്നു.
ഫെന്‍സിങ്ങില്‍ ഒളിംപിക്‌സ് യോഗ്യത നേടിയെടുക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഭവാനി ദേവി. ഗോള്‍ഫില്‍ അതിധി അശോക്,അനിര്‍ഭന്‍ ലഹിരി എന്നിവരാണ് മത്സരിക്കാനിറങ്ങുന്നത്. ജിംനാസ്റ്റിക്കില്‍ പ്രണാതി നായകാണ് യോഗ്യത നേടിയത്. ഹോക്കിയില്‍ ഇന്ത്യയുടെ പുരുഷ ടീമില്‍ പ്രതീക്ഷകളേറെ. മലയാളി താരം പി ആര്‍ ശ്രീജേഷും ഇത്തവണ പുരുഷ ടീമിനൊപ്പമുണ്ട്.
നീന്തലില്‍ സാജന്‍ പ്രകാശ് ഒളിംപിക്‌സ് യോഗ്യത നേടിയെടുത്തിട്ടുണ്ട്. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇവന്റിലാണ് സാജന്‍ മത്സരിക്കുന്നത്. ഗുസ്തിയില്‍ വിനേഷ് ഫോഗാട്ട് ഇറങ്ങുന്നുണ്ട്. 2016ലെ വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക്കും ഇത്തവണ ഇറങ്ങുന്നുണ്ട്.