നഡിയാദ്: എതിരാളികളെ ബഹുദൂരം പിന്നിലാക്കി 64-ാമത് ദേശീയ സീനിയര്‍ സ്കൂള്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലും കേരളം ചാമ്പ്യന്മാരായി. നഡിയാദ് സ്പോര്‍ട്സ് കോംപ്ലക്സില്‍ നടന്ന മീറ്റില്‍ ആകെ അഞ്ചു സ്വര്‍ണവും അഞ്ചു വെള്ളിയും നാലു വെങ്കലവുമായി 85 പോയന്റോടെയാണ് കേരളം കിരീടം നേടിയത്. നേരത്തെ പെണ്‍കുട്ടികളുടെ വിഭാഗത്തിലും കേരളമായിരുന്നു ചാമ്പ്യന്മാര്. ഇതോടെ ഇരുവിഭാഗങ്ങളിലുമായ 189 പോയന്റോടെ കേരളം ഓവറോള്‍ കിരീടം നിലനിര്‍ത്തി.
ഇതാദ്യമായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെയായി മീറ്റ് സംഘടിപ്പിച്ചപ്പോഴും കേരളം മേധാവിത്വം കൈവിട്ടില്ല. മീറ്റിന്റെ അവസാന ദിനമായ ഞായറാഴ്ച രണ്ടു സ്വര്‍ണവും നാലുവെള്ളിയുമാണ് കേരളത്തിന്റെ കുട്ടികള്‍ സ്വന്തമാക്കിയത്. കര്‍ണാടകമാണ് ഓവറോള്‍ റണ്ണറപ്പ്. ഉത്തര്‍പ്രദേശിന്റെ രോഹിത് യാദവിനെ മീറ്റിലെ താരമായി തെരഞ്ഞെടുത്തു.
ആണ്‍കുട്ടികളുടെ വിഭാഗത്തിലും കര്‍ണാടകം രണ്ടാം സ്ഥാനത്തെത്തി. പെണ്‍കുട്ടികളുടെ മീറ്റില്‍ കേരളം 104 പോയന്റുമായാണ് ഒന്നാമതായത്. രണ്ടാം സ്ഥാനത്തെത്തിയ തമിഴ്നാടിന് 54 പോയന്റ് മാത്രമാണുള്ളത്. കേരളം ആകെ ആറു സ്വര്‍ണവും ഏഴു വെള്ളിയും രണ്ടു വെങ്കലവും സ്വന്തമാക്കി.