ദില്ലി: പ്രഥമ ഖേലോ ഇന്ത്യ സ്കൂള്‍ ഗെയിംസില്‍ കേരളം തുടക്കം മോശമാക്കിയില്ല. ആദ്യ ദിനം തന്നെ ഒരു സ്വര്‍ണമടക്കം മൂന്നു മെഡലുകള്‍ കേരളം സ്വന്തമാക്കി. പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ സി ചാന്ദ്നിയാണ് കേരളത്തില്‍ മീറ്റിലെ ആദ്യ സ്വര്‍ണം സമ്മാനിച്ചത്. പെണ്‍കുട്ടികളുടെ ട്രിപ്പില്‍ ജംപില്‍ കേരളം വെള്ളി നേടി. സാന്ദ്ര ബാബുവാണ് രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്ത് കേരളത്തിന് മറ്റൊര മെഡല്‍ നേടിത്തന്നത്. ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപിലും കേരളം മെഡല്‍ കൈക്കലാക്കി. ആകാശ് എം വര്‍ഗീസിന്റെ വകയായിരുന്നു വെങ്കല മെഡല്‍.
ആറു ഫൈനലുകളാണ് ആദ്യദിനം നടന്നത്. ഇതില്‍ രണ്ടെണ്ണത്തില്‍ തമിഴ്നാടാണ് പൊന്നണിഞ്ഞത്. കേരളത്തെ കൂടാതെ ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവരും ഓരോ സ്വര്‍ണം വീതം അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ത്തു.
പാലക്കാട് കല്ലടി എച്ച്എസ്എസിലെ വിദ്യാര്‍ഥിനിയാണ് കേരളത്തിന് കന്നി സ്വര്‍ണം സമ്മാനിച്ച ചാന്ദ്നി. നാലു മിനിറ്റും 50.81 സെക്കന്റും കൊണ്ടാണ് ചാന്ദ്നി മല്‍സരം പൂര്‍ത്തിയാക്കിയത്. 177 അംഗ ശക്തമായ ടീമിനെയാണ് കേരളം ഗെയിംസില്‍ അണിനിരത്തിയത്. 16 ഇനങ്ങളിലാണ് ഫൈനലുകള്‍ നടക്കുന്നത്.