ബ്യൂണസ് ഐറിസ്: അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നടക്കുന്ന 2018ലെ യൂത്ത് ഒളിമ്പിക്സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ താരം ജെര്‍മി ലാല്‍രിംനുഗാ. ഭാരോദ്വഹനത്തില്‍ പുരുഷന്മാരുടെ 62 കിലോഗ്രാം വിഭാഗത്തില്‍ യുവതാരം ഇന്ത്യയ്ക്കായി ആദ്യ യൂത്ത് ഒളിമ്പിക്സ് സ്വര്‍ണം നേടി. ആകെ 274 കിലോഗ്രാം ഭാരമാണ് ഇന്ത്യന്‍താരം ഉയര്‍ത്തിയത്. തുര്‍ക്കിയുടെ ടോപ്റ്റാസ് കാനര്‍ വെളളിയും കൊളംബിയയുടെ എസ്റ്റിവന്‍ ജോസ് വെങ്കലവും നേടി.
ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 150 കിലോഗ്രാം ഭാരവും, സ്നാച്ചില്‍ 124 കിലോഗ്രാം ഭാരവും പതിനഞ്ചുകാരന് ഉയര്‍ത്തി. ഇതോടെ യൂത്ത് ഒളിമ്പിക്സില്‍ ഇന്ത്യയുടെ ആകെ മെഡല്‍നേട്ടം നാലായി ഉയര്‍ന്നു. ഷാഹു തുഷാര്‍ മാനെ, മെഹുലി ഘോഷ് എന്നിവര്‍ ഷൂട്ടിങ്ങിലും തബായ് ദേവി ജൂഡോയിലും വെള്ളിമെഡലുകള്‍ നേടിയിരുന്നു.
ആണ്‍കുട്ടികളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് തുഷാര്‍ മാനെ വെള്ളി നേടിയത്. വനിതകളുടെ 44 കിലോഗ്രാം വിഭാഗം ജൂഡോയില്‍ വെനസ്വലയുടെ മരിയ ഗിമേനസിനോട് ഫൈനലില്‍ പരാജയപ്പെട്ടതോടെയാണ് തബാബി വെള്ളി മെഡലിന് അര്‍ഹയായത്. ഇതാദ്യമായാണ് ഇന്ത്യ ജൂഡോയില്‍ ജൂനിയര്‍, സീനിയര്‍ തലത്തില്‍ ഒളിമ്പിക്സില്‍ മെഡല്‍ നേടുന്നത്. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലായിരുന്നു മെഹുലി ഘോഷിന്റെ മെഡല്‍നേട്ടം.
ഇത്തവണ ഇന്ത്യയില്‍ 46 അത്ലറ്റുകളാണ് യൂത്ത് ഒളിമ്പിക്സിനായി എത്തിയിട്ടുള്ളത്. 13 ഇനങ്ങളിലായി ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കും. യൂത്ത് ഒളിമ്പിക്സിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ അത്ലറ്റ് സംഘമാണിത്. 2014ല്‍ ചൈനയില്‍ നടന്ന യൂത്ത് ഒളിമ്പിക്സില്‍ ഇന്ത്യ ഒരു വെള്ളിയും ഒരു വെങ്കലവുമായാണ് നേടിയത്.