For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാത്രി കടലിനോട്, പകൽ ട്രാക്കിൽ, ഫത്താഹ് പോരാടുകയാണ്! കായിക ഭൂപടത്തിൽ ഇനി ലക്ഷദ്വീപും

തന്റെ കുടുംബത്തിനായി മത്സ്യബന്ധത്തിൽ സഹായിച്ചുകൊണ്ട് ഒട്ടുമിക്ക രാത്രികളിലും അബ്ദുൽ ഫത്താഹ് കടലിലായിരിക്കും. പുലർച്ചെയാകുമ്പോഴേക്കും അവൻ കുതിക്കും, പരിശീലനം ചെയ്യാൻ ​ഗ്രൗണ്ടിലേക്ക്. അവിടെ ഫത്താഹിനെ മുന്നോട്ട് നയിക്കുന്നത് മറ്റൊരു സ്വപ്നമാണ്. 2026-ലെ ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസിൽ (KITG) ലക്ഷദ്വീപിന് ആദ്യ മെഡൽ നേടിക്കൊടുത്ത സ്വപ്നം.

കവരത്തിക്കും കടമത്ത് ദ്വീപിനും ഇടയിൽ സ്ഥിതി ചെയ്യുന്ന, ഏകദേശം 2.7 കിലോമീറ്റർ നീളവും 1.2 കിലോമീറ്റർ വീതിയുമുള്ള ചെറിയ ​ദ്വീപായ അമിനിയിൽ നിന്നുള്ള ഈ 18-കാരൻ, ജഗദൽപൂരിലെ ക്രീഡാ പരിസർ ഗ്രൗണ്ടിൽ 7.03 മീറ്റർ എന്ന കരിയർ ബെസ്റ്റ് പ്രകടനം നടത്തിയാണ് സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്. ഈ ചെറിയ കേന്ദ്രഭരണ പ്രദേശത്തെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്ര മുഹൂർത്തമാണ്.

abdul-fattah

"7 മീറ്റർ ദൂരം മറികടക്കുന്ന ലക്ഷദ്വീപിൽ നിന്നുള്ള ആദ്യത്തെയാളാണ് അദ്ദേഹം, അത് വളരെ സവിശേഷമായ ഒന്നാണ്," ലക്ഷദ്വീപ് സ്‌പോർട്‌സ് ഓഫീസർ അഹമ്മദ് ജാവേദ് ഹസ്സൻ അഭിമാനത്തോടെ പറഞ്ഞു. അദ്ദേഹം ഫത്താഹിന്റെ ട്രാൻസലേറ്റർ കൂടിയാണ്.

മത്സ്യതൊഴിലാളി കുടുംബത്തിൽ ജനിച്ച ഫത്താഹ് നാല് സഹോദരങ്ങളിൽ മൂത്തയാളാണ്. അതുകൊണ്ടുതന്നെ, കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ മുഴുവൻ അവന്റെ ചുമലിലായിരുന്നു. പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ ശേഷം സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഉപരിപഠനം മാറ്റിവെക്കേണ്ടി വന്ന ഫത്താഹ് പിന്നീട് ചെയ്തത് കുടുംബ ബിസിനസിൽ അച്ഛനെ സഹായിക്കുക എന്നതായിരുന്നു. എങ്കിലും മറുഭാ​ഗത്ത് സ്പോർട്സ് അവൻ പാഷനായി കൊണ്ടുനടന്നു.

"മറ്റൊരു വഴിയുമില്ല, നമുക്ക് കാര്യങ്ങൾ ബാലൻസ് ചെയ്യണം. സ്കൂളിൽ പഠിക്കുമ്പോഴേ ഞാൻ അച്ഛനെ മീൻ പിടിക്കാൻ പോയി സഹായിക്കാറുണ്ട്. അതാണ് ഞങ്ങളുടെ ഏക വരുമാന മാർഗ്ഗം. ആറംഗ കുടുംബമാണ് ഞങ്ങളുടേത്. രാവിലെ ഞാൻ പരിശീലനത്തിന് പോകും, സ്പോർട്സിനെക്കുറിച്ച് അവർക്ക് വലിയ ധാരണയില്ലെങ്കിലും എനിക്ക് വേണ്ട എല്ലാ പിന്തുണയും അവർ തരുന്നുണ്ട്" ഫത്താഹ് പറഞ്ഞു.

ആദ്യമൊന്നും അത്ലറ്റിക്സ് ഫത്താഹിന് താൽപര്യുമുള്ള ഒരു കാര്യമായിരുന്നില്ല. ദ്വീപിലെ മറ്റ് ആൺകുട്ടികളെപ്പോലെ, ഫുട്ബോൾ കളിക്കാനായിരുന്നു അവനും താൽപര്യം. എന്നാൽ കുറച്ചു വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു പ്രാദേശിക ഇന്റർ-ഐലൻഡ് മത്സരം അവന്റെ ജീവിതം തന്നെ മാറ്റി മറച്ചു. കോച്ച് മുഹമ്മദ് കാസിം ഫത്താഹിന്റെ സ്പ്രിന്റ് ചെയ്യാനുള്ള കഴിവ് ശ്രദ്ധിക്കുകയും അത്‌ലറ്റിക്‌സിലേക്ക് മാറാൻ നിർദ്ദേശിക്കുകയും ചെയ്തു.

അന്നു മുതൽ ഫത്താഹ് ലോങ് ജംപിലും 100 മീറ്റർ സ്പ്രിന്റിലും പരിശീലനം ആരംഭിച്ചു. ഇതേ സമയത്താണ് അമിനി അത്‌ലറ്റിക്‌സ് അസോസിയേഷൻ രൂപംകൊള്ളുന്നത്, ഇത് മേഖലയിലെ കായിക വികസനത്തിന് വലിയ സഹായമായി മാറി. ഫത്താഹിനും മറ്റു പല യുവതാരങ്ങൾക്കും കൃത്യമായ കോച്ചിംഗും പിന്തുണയും ലഭിച്ചു തുടങ്ങി. വെറും രണ്ട് വർഷത്തിനുള്ളിൽ ഏകദേശം 384 അത്‌ലറ്റുകളെ വളർത്തിയെടുക്കാൻ അസോസിയേഷന് സാധിച്ചു. ആ കൂട്ടത്തിൽ നിന്നാണ് ഖേലോ ഇന്ത്യ ഗെയിംസിൽ ലക്ഷദ്വീപിനെ പ്രതിനിധീകരിക്കാൻ 17 പേരെ തിരഞ്ഞെടുത്തത്.

ജ​ഗൽപൂരിൽ നേടിയ സ്വർണ മെഡൽ ഫത്താഹിനെ സംബന്ധിച്ചെടുത്തോളം വലിയൊരു നേട്ടമാണ്. പരിശീലന സമയത്ത് 6.5, 6.7 തുടങ്ങിയ ദൂരമാണ് ചാടാൻ സാധിച്ചിരുന്നതെന്നും ഇതൊരു അഭിമാനകരമായ നേട്ടമാണെന്നും ഫത്താഹ് തന്നെ സമ്മതിക്കുന്നു. "ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസിന് വരുന്നതിന് മുമ്പ് 7.15 മീറ്റർ എന്ന ലക്ഷ്യമാണ് ഞാൻ എയിം ചെയ്തിരുന്നത്. 7 മീറ്റർ കടന്നതിൽ സന്തോഷമുണ്ട്, ഈ സ്വർണ്ണ മെഡൽ എന്റെ ​ഗെയിം മെച്ചപ്പെടുത്താൻ എന്നെ ഒരുപാട് സഹായിക്കും." ഫത്താഹ് പറഞ്ഞു.

ഇന്ത്യയുടെ അത്‌ലറ്റിക്‌സ് ഭൂപടത്തിൽ പതിയെ ഇടം പിടിച്ചു തുടങ്ങുകയാണ് ലക്ഷദ്വീപ് എന്ന കേന്ദ്ര ഭരണ പ്രദേശം. 2022-ൽ കുവൈത്തിൽ നടന്ന ഏഷ്യൻ അണ്ടർ-18 അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ മുബസ്സിന മുഹമ്മദ് ആണ് ലക്ഷദ്വീപിലെ പ്രമുഖ അത്‌ലറ്റുകളിൽ ഒരാൾ. മുബസ്സിനയെപ്പോലെ ഫത്താഹും ആധുനിക സൗകര്യങ്ങളൊന്നുമില്ലാതെയാണ് പരിശീലനം മുന്നോട്ട് കൊണ്ടുപോകുന്നത്. 32 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണ്ണമുള്ള ലക്ഷദ്വീപിൽ ഇതുവരെ സിന്തറ്റിക് ട്രാക്കോ അത്‌ലറ്റിക്‌സ് സ്റ്റേഡിയമോ ഇല്ല. അതുകൊണ്ടുതന്നെ, മൺപാതകളിലും ഫുട്ബോൾ ഗ്രൗണ്ടുകളിലുമാണ് ഇവർ പരിശീലനം നടത്തുന്നത്.

"ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസിലും മറ്റു ദേശീയ മത്സരങ്ങളിലും ഞങ്ങൾക്ക് ലഭിക്കുന്ന വിജയം മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഒരുപക്ഷേ ഞങ്ങൾക്ക് ജോലിയും മികച്ച പരിശീലന സൗകര്യങ്ങളും ലഭിക്കാൻ സഹായിക്കുമായിരിക്കാം." ഫത്താഹ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസിനെക്കുറിച്ച് (KITG)

ഇന്ത്യയിലെ ഗോത്രവർഗ്ഗ വിഭാഗങ്ങളിൽ നിന്നുള്ള കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും വളർത്തുന്നതിനുമായി ഖേലോ ഇന്ത്യ സംരംഭത്തിന് കീഴിലുള്ള ഒരു പ്രത്യേക ദേശീയ കായിക വേദിയാണിത്. ഗോത്രമേഖലകളിലെ കായിക മികവിനെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അവരുടെ തനതായ കായിക പാരമ്പര്യങ്ങളെ ആദരിക്കാനും ഈ ഗെയിംസ് ലക്ഷ്യമിടുന്നു. 2026 മാർച്ച് 25 മുതൽ ഏപ്രിൽ 3 വരെ ഛത്തീസ്ഗഡിലാണ് ഇതിന്റെ ഉദ്ഘാടന പതിപ്പ് നടക്കുന്നത്. ആർച്ചറി, അത്‌ലറ്റിക്‌സ്, ഫുട്ബോൾ, ഹോക്കി, സ്വിമ്മിംഗ്, വെയ്‌റ്റ്‌ലിഫ്റ്റിംഗ്, റെസ്‌ലിംഗ് എന്നീ 7 മത്സര ഇനങ്ങളും മല്ലകാമ്പ്, കബഡി എന്നീ രണ്ട് പ്രദർശന ഇനങ്ങളുമാണ് ഇതിലുള്ളത്. റായ്‌പൂർ, ജഗദൽപൂർ, അംബികാപൂർ എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

Story first published: Saturday, April 4, 2026, 11:29 [IST]
Other articles published on Apr 4, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+