ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന് പിന്നാലെ ഇന്തോനേഷ്യയില്‍ ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ സന്ദീപ് ചൗധരിയാണ് ഇന്ത്യയ്ക്കായി സ്വര്‍ണമെത്തിച്ചത്. ജാവലിന്‍ ത്രോ പുരുഷന്മാരുടെ F42-44/61-64 വിഭാഗത്തില്‍ സന്ദീപ് 60.01 മീറ്റര്‍ ദൂരമെറിഞ്ഞ് ഒന്നാമതെത്തി. ശ്രീലങ്കയുടെ ചാമിന്ദ സമ്പത്ത് ഹെത്തി വെള്ളിയും ഇറാന്‍ ഒമിദ് അലി ബ്രോണ്‍സും സ്വന്തമാക്കി.

ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ സമ്പാദ്യം ആറായി ഉയര്‍ന്നു. 49 കിലോഗ്രാം പവര്‍ലിഫ്റ്റിങ്ങില്‍ ഫര്‍മാന്‍ ബാഷ വെള്ളിയും പരംജീത് കുമാര്‍ വെങ്കലവും നേടി. നീന്തലില്‍ വനിതകളുടെ നൂറു മീറ്റര്‍ ബട്ടര്‍ഫ് ളൈ വിഭാഗത്തില്‍ ദേവാന്‍ഷി വെള്ളിമെഡല്‍ നേടിയിരുന്നു. പുരുഷന്മാരുടെ 200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലിയില്‍ സുയാഷ് ജാദവ് വെങ്കലവും സ്വന്തമാക്കി.
ഒക്ടോബര്‍ ആറ് മുതല്‍ 13 വരെ നടക്കുന്ന ഗെയിംസില്‍ റിയോ പാരാലിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ ജേതാവായ തമിഴ്‌നാട് താരം തങ്കവേലു മാരിയപ്പന്‍ ആണ് ഇന്ത്യന്‍ പതാകയേന്തിയത്. താരങ്ങളും കോച്ചുമാരും സപ്പോര്‍ട്ട് സ്റ്റാഫുമടക്കം 302 പേര്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായാണ് ഇത്തവണ ഇന്ത്യ ഗെയിംസിന് ഇറങ്ങുന്നത്.