റേസിനിടെ ബ്രേക്ക് ചെയ്ത് എതിര്‍ താരത്തെ വീഴ്ത്താന്‍ ശ്രമം!! മോട്ടോ 2 റൈഡര്‍ക്ക് സസ്‌പെന്‍ഷന്‍


മിസാനോ: മോട്ടോ ജിപി ലോകത്തെ തന്നെ നടുക്കിയ സംഭവത്തില്‍ റൈഡര്‍ക്കു സസ്‌പെന്‍ഷന്‍. സാന്‍മരിനോ ഗ്രാന്റ്പ്രീക്കിടെയായിരുന്നു സംഭവം. മോട്ടോ 2 റേസിനിടെ എതിര്‍ താരത്തിന്റെ കുതിപ്പ് തടയുകയെന്ന ലക്ഷ്യത്തോടെ ബൈക്കിന്റെ ബ്രേക്ക് പിടിക്കാന്‍ ശ്രമിച്ച ഇറ്റാലിയന്‍ റൈഡര്‍ റൊമാനോ ഫെനാറ്റിയാണ് കുടുങ്ങിയത്. താരത്തെ ഇറ്റാലിയന്‍ മോട്ടോര്‍സൈക്ലിങ് ഫെഡറേഷനാണ് സസ്‌പെന്‍ഡ് ചെയ്തത്. കൂടാതെ ഫെനാറ്റിയുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. താരത്തെ എല്ലാ തരത്തിലുള്ള റേസുകളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുന്നതായും റേസിങ് ലൈസന്‍സ് റദ്ദാക്കുന്നതായും ഫെഡറേഷന്‍ അറിയിച്ചു. ഇതിനു തൊട്ടുപിന്നാലെ റേസിങില്‍ നിന്നും പിന്‍മാറുന്നതായി ഫെനാറ്റിയും പ്രഖ്യാപിച്ചു.

മാര്‍ക്കോ സിമോണ്‍സെല്ലി സര്‍ക്യൂട്ടില്‍ നടന്ന റേസിനിടെയാണ് 22കാരനായ ഫെനാറ്റി മറ്റൊരു റൈഡറായ സ്റ്റാഫെനോ മാന്‍സിയെ തടസപ്പെടുത്താന്‍ ശ്രമിച്ചത്. ബൈക്കുകള്‍ 140 കിമി വേഗത്തില്‍ ചീറിപ്പായുന്നതിനിടെയായിരുന്നു നാടകീയ രംഗങ്ങള്‍. ഭാഗ്യം കൊണ്ട് മാത്രമാണ് മാന്‍സി ബൈക്കില്‍ നിന്നും വീഴാതെ രക്ഷപ്പെട്ടത്. ഇതിനു തൊട്ടുപിന്നാലെ ഫെനാറ്റിയുമായുള്ള കരാര്‍ മാരിനെല്ലി സ്‌നൈപ്പേഴ്‌സ് ടീം റദ്ദാക്കുകയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് വിശദീകരണം നല്‍കാന്‍ ഫെനാറ്റിയോട് ഫെഡറേഷന് മുമ്പാകെ ഈ മാസം 14നു ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, തന്റെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ ഫെനാറ്റി മാപ്പു ചോദിച്ചു. ഇനി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഇനിയൊരിക്കലും താന്‍ റേസില്‍ പങ്കെടുക്കില്ലെന്നും താരം വ്യക്തമാക്കി. എന്നാല്‍ അഞ്ചു വര്‍ഷത്തിനു ശേഷം എന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

Read More About: moto gp italy rider suspension

Have a great day!
Read more...

English Summary

Moto 2 rider suspended over brake grabbing incident