ഏഷ്യന്‍ ഗെയിംസില്‍ നാണംകെട്ട സുശീല്‍ കുമാര്‍ ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍നിന്നും പിന്മാറി


ദില്ലി: തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്‌സുകളില്‍ ഇന്ത്യയ്ക്കുവേണ്ടി മെഡല്‍നേടിയ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗുസ്തി താരങ്ങളിലൊരാളാണ് സുശീല്‍ കുമാര്‍. എന്നാല്‍, പ്രായം തളര്‍ത്തിയ ഗുസ്തി വീരന്‍ അടുത്തിടെ മികച്ച ഫോമിലല്ല. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയിരുന്നെങ്കിലും ഏഷ്യന്‍ ഗെയിംസില്‍ ആദ്യ റൗണ്ടില്‍ത്തന്നെ പുറത്തായത് ആരാധകരെ ഞെട്ടിച്ചിരുന്നു.

ഇതിന് പിന്നാലെ ലോക ചാമ്പ്യന്‍ഷിപ്പില്‍നിന്നും താരം പിന്മാറിയിരിക്കുകയാണ്. ഒക്ടോബര്‍ 20 മുതല്‍ ഹംഗറിയില്‍ നടക്കേണ്ടുന്ന ചാമ്പ്യന്‍ഷിപ്പില്‍നിന്നാണ് ഇന്ത്യന്‍താരം പിന്മാറിയത്. മോശം ഫോമാണ് പിന്മാറ്റത്തിന് കാരണമെന്ന് പറയപ്പെടുന്നു. സുശീല്‍ കുമാറിന് പുറമെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ദിവ്യ കക്രനും ലോക ചാമ്പ്യന്‍ഷിപ്പിലില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇരുവരുടെയും പിന്മാറ്റം റെസ്‌ലിങ് അസോസിയേഷന്‍ സ്ഥിരീകരിച്ചു. പരിക്കുമൂലമാണ് ദിവ്യയുടെ പിന്മാറ്റം. സുശീല്‍ കുമാറിന് പകരം 74 കിലോഗ്രാം വിഭാഗത്തില്‍ ജിതേന്ദ്ര കുമാറും ദിവ്യയ്ക്കു പകരം 68 കിലോഗ്രാം വിഭാഗത്തില്‍ നവജ്യോത് കൗറും മത്സരിക്കും. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിനിടെ പരിക്കേറ്റ ദിവ്യ ഇതിനുശേഷം വിശ്രമത്തിലാണ്.

പിന്മാറ്റത്തെക്കുറിച്ച് സുശീല്‍ കുമാര്‍ പ്രതികരിച്ചിട്ടില്ല. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടാന്‍ കഴിയാതിരുന്ന ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് സാക്ഷി മാലിക്കും ബുഡാപെസ്റ്റില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ സീറ്റുറപ്പിച്ചിട്ടില്ല. 62 കിലോഗ്രാം വിഭാഗത്തില്‍ പങ്കെടുക്കാന്‍ സരിത മോറുമായി സാക്ഷി മത്സരിക്കും. മികച്ച ടീമുമായെത്തുന്ന ഇന്ത്യയുടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏറെ മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്.

Have a great day!
Read more...

English Summary

Wrestlers Sushil Kumar, Divya Kakran pull out of World Wrestling Championship