ഇനി ലക്ഷ്യം 90 മീറ്ററെന്ന് നീരജ് ചോപ്ര; ജാവലിനില്‍ ഇന്ത്യയുടെ ഒളിമ്പിക്‌സ് സ്വപ്‌നം പൂവണിയുമോ?


ദില്ലി: അത്‌ലറ്റിക്‌സിലെ ട്രാക്കിലോ ഫീല്‍ഡിലോ ഇന്നേവരെ ഒരു വ്യക്തിഗത ഒളിമ്പിക്‌സ് മെഡലും നേടാന്‍ കഴിയാതിരുന്ന ഇന്ത്യ ടോക്കിയോ ഒളിമ്പിക്‌സില്‍ അത് മറികടക്കാനുള്ള ഒരുക്കത്തിലാണ്. ജാവലിന്‍ ത്രോയിലെ ലോകത്തെ മുന്‍നിര താരങ്ങളില്‍ ഒരാളായി മാറിക്കഴിഞ്ഞ നീരജ് ചോപ്രയിലാണ് ഇന്ത്യയുടെ പ്രതീക്ഷയത്രയും. സമീപകാലത്ത് നീരജ് തന്റെ പ്രകടനത്തില്‍ കാണിക്കുന്ന സ്ഥിരത ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടുന്നു.

കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടിയ നീരജ് തന്റെതന്നെ പേരിലുള്ള ദേശീയ റെക്കോര്‍ഡുകള്‍ തുടര്‍ച്ചയായി മറികടക്കുന്നത് ഇന്ത്യന്‍ കായിക പ്രേമികള്‍ക്ക് ആവേശമുണ്ടാക്കുന്നതാണ്. ഏഷ്യന്‍ ഗെയിംസില്‍ 88.06 മീറ്റര്‍ ദൂരമെറിഞ്ഞ നീരജ് തന്റെതന്നെ 87.43 മീറ്റര്‍ റെക്കോര്‍ഡാണ് മറികടന്നത്. 90 മീറ്റര്‍ദൂരം ജാവലിന്‍ പായിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ ഇന്ത്യന്‍താരം.

2020ലെ ടോക്കിയോ ഒളിമ്പിക്‌സില്‍ തനിക്ക് 90 മീറ്ററിലധികം ജാവലിന്‍ പായിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് നീരജ് മൈഖേലിനോട് പറഞ്ഞു. 2016 മുതല്‍ 2018 വരെയുള്ള കാലയളവില്‍ രണ്ടു മീറ്റര്‍ അധികം കണ്ടെത്താന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ട്. 90 മീറ്ററിലെത്താന്‍ ഇനിയും രണ്ടു മീറ്ററുകള്‍കൂടി ആവശ്യമാണ്, തനിക്കതിന് കഴിയും. ടെക്‌നിക്കലിയുള്ള ചെറിയ തെറ്റുകള്‍ തിരുത്താനുള്ള ശ്രമത്തിലാണിപ്പോള്‍. അതിനു കഴിഞ്ഞാല്‍ ലക്ഷ്യത്തിലെത്തുമെന്നും താരം പറഞ്ഞു.

ജക്കാര്‍ത്ത ഒളിമ്പിക്‌സിന് പിന്നാലെ നീരജ് പങ്കെടുത്ത ഡമയണ്ട് ലീഗില്‍ മെഡല്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല. വളരെ ചെറിയ വ്യത്യാസത്തിലാണ് ഇന്ത്യന്‍താരം മെഡല്‍ കൈവിട്ടത്. ഇത് ടെക്‌നിക്കലി വന്ന തെറ്റുകാരണമാണെന്നാണ് നീരജ് ചൂണ്ടിക്കാട്ടുന്നത്. 90 മീറ്ററെങ്കിലും സ്ഥിരമായി എറിയാന്‍ കഴിഞ്ഞാല്‍ ഇരുപതുകാരനായ നീരജ് ലോക ചാമ്പ്യനാകുമെന്നുറപ്പാണ്. ജാവലിന്‍ ത്രോയില്‍ നീരജിന്റെ തുടര്‍ച്ചയായുള്ള മുന്നേറ്റം ഇന്ത്യന്‍ കായിക മേഖലയിലെ യുവതാരങ്ങള്‍ക്കും പ്രചോദനമാകും.

Have a great day!
Read more...

English Summary

Javelin star Neeraj Chopra sets sights on touching 90m before Tokyo Olympics